689713

689713
 സന്നിധാനം തപാൽ ഓഫീസിന്റെ പിൻകോഡാണിത്. വർഷത്തിൽ മൂന്നുമാസം മാത്രമാണ്  ഈ തപാൽ ഓഫീസ് സജീവമായിരിക്കുക. ഉൽസവകാലം കഴിയുന്നതോടെ പിൻകോഡ് നിർജീവമാകും. മണ്ഡല മകര വിളക്ക് കാലത്തു മാത്രമാണ് ഓഫീസിന്റെ പ്രവർത്തനം.

സന്നിധാനത്തെ തപാൽഓഫീസിന് പിന്നെയുമുണ്ട് പ്രത്യേകതകൾ. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉൾപ്പെടുന്നതാണ് ഇവിടുത്തെ തപാൽമുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാൽവകുപ്പ് ഇത്തരം വേറിട്ട തപാൽമുദ്രകൾ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാർത്തിയ കത്തുകൾ വീടുകളിലേക്കും പ്രിയപ്പെട്ടവർക്കും അയയ്ക്കാൻ നിരവധി തീർത്ഥാടകരാണ് നിത്യവും സന്നിധാനം തപാൽ ഓഫീസിലെത്തുന്നത്. ഉൽസവകാലം കഴിഞ്ഞാൽ ഈ തപാൽമുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉൽസവകാലത്താണ് ഈ മുദ്ര വെളിച്ചം കാണുക.

ഈ തപാൽഓഫീസ് കൈകാര്യം ചെയ്യുന്ന എഴുത്തുകളിലും മണി ഓർഡറികളിലുമുണ്ട് ഒരുപാട് കൗതുകങ്ങൾ. നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്ക് നിത്യവും നിരവധി കത്തുകളാണിവിടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകൾ പങ്കുവെച്ചും പ്രണയം പറഞ്ഞുമുള്ള കത്തുകൾ. ഉദ്ദിഷ്ടകാര്യങ്ങൾ നടത്തിത്തരണമെന്നാവശ്യപ്പെട്ടുള്ള മണിഓർഡറുകൾ, വീട്ടിലെ വിശേഷങ്ങളുടെ ആദ്യക്ഷണക്കത്തുകൾ തുടങ്ങി ഒരുവർഷം വായിച്ചാൽ തീരാത്തത്ര എഴുത്തുകളാണ് അയ്യപ്പന്റെ പേരുവെച്ച് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഭക്തർ അയയ്ക്കുന്നത്. ഈ കത്തുകൾ അയ്യപ്പന് മുന്നിൽ സമർപ്പിച്ചശേഷം എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറുകയാണ് പതിവ്. മണിഓർഡറുകളുടെ കാര്യവും അങ്ങനെതന്നെ.

 സ്വാമി ശരണം

Post a Comment

0 Comments