ഗുരുവായൂർ ഏകാദശി

ഗുരുവായൂർ ഏകാദശി 2019

8 ഡിസംബർ 2019

കേരളത്തിൽ ആചരിക്കുന്ന ഏകാദശികളിൽ ഏറ്റവും ചരിത്ര പ്രസിദ്ധമായ ഏകാദശിയാണ് വൃശ്ചിക മാസത്തിലെ ഗുരുവായൂർ ഏകാദശി .  ക്ഷീരസാഗരത്തിൽ അനന്തശായിയായി പള്ളികൊള്ളുന്ന ശ്രീ ഭഗവാൻ മഹാവിഷ്ണു  യോഗനിദ്രയിൽ നിന്നുണർന്ന് ശ്രീലക്ഷ്മിദേവിയോടും ശ്രീഭൂമിദേവിയോടും കൂടി ലോകത്തെ മുഴുവൻ അനുഗ്രഹിക്കുവാൻ ഗുരുവായൂരിൽ എഴുന്നെള്ളുന്ന ദിനമാണ് ഗുരുവായൂർ ഏകാദശി .  ഭഗവാൻ അർജ്ജുനന് ഗീതോപദേശം നല്കിയതും, ആ ദിവസത്തെ    ഗീതാ ദിനമായി ആചരിക്കുന്നതും ഗുരുവായൂരേകാദശി ദിവസമാണ് . അഞ്ജനശിലയിലുള്ള ഭഗവാന്റെ    വിഗ്രഹം ബൃഹസ്പതി (ഗുരു) യും   വായുദേവനും കൂടി പ്രതിഷ്ഠിച്ച സ്ഥലത്തിന് ഗുരുവായൂരെന്നും പ്രതിഷ്ഠ വിഗ്രഹത്തിന് ഗുരുവായൂരപ്പനെന്ന നാമകരണവും ഉണ്ടായി .   വൃശ്ചിക മാസത്തിലെ ഏകാദശി ദിവസമാണ് പ്രതിഷ്ഠ നടത്തിയത് .  അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ ദിനമായി ആചരിക്കപ്പെടുന്നു .
ദേവേന്ദ്രൻ സുരഭിയുമായി വൃന്ദാവനത്തിലെത്തിയതും ഭഗവാനെ  വന്ദിച്ചതും,  ദർശനമാത്രയിൽ തന്നെ സുരഭി പാൽ ചുരത്തി ഗോവിന്ദാഭിഷേകം നടത്തിയതും ഈ പുണ്യദിനമാണ് .  ശ്രീ ചെമ്പൈ  വൈദ്യനാഥ ഭാഗവതർക്ക് തന്റെ നഷടപ്പട്ട ശബ്ദം തിരിച്ചു കിട്ടിയതും, അദ്ദേഹം തന്റെ ശിഷ്യന്മാരോടുകൂടി സംഗീതാരാധന നടത്തിയതും ഗുരുവായൂരേകാദശി ദിവസമാണ് .  ഈ സംഗീതാർച്ചന ഇപ്പോഴും നടത്തി വരുന്നു. ഭഗവാന്റെ ഉത്തമ ഭക്തന്മാരായ മേല്പത്തൂർ ശ്രീ  ഭട്ടതിരിപാട്, ശ്രീ പൂന്താനം, ശ്രീശങ്കരാചാര്യ  സ്വാമി, കുറൂരമ്മ, ശ്രീ വില്വമംഗലം സ്വാമി എന്നീ ഭക്ത ശിരോമണികൾക്കെല്ലാം ഭഗവാന്റ പുണ്യദർശനം ലഭിച്ചത് ഗുരുവായൂർ ഏകാദശി ദിവസമായിരുന്നു . മഹാപണ്ഡിതനും ഭഗവാന്റെ ഉത്തമ ഭക്തനുമായ മേല്പത്തൂർ       ശ്രീ നാരായണ ഭട്ടതിരിപ്പാട് "നാരായണീയം ' എന്ന മഹാഗ്രന്ഥം എഴുതി ഭഗവാൻ നാരായണന്  സമർപ്പിച്ചത് ഗുരുവായൂർ ഏകാദശി ദിവസമായിരുന്നു .  ഗുരുവായൂർ കേശവനെന്ന ഗജരാജന് മോക്ഷം കിട്ടിയതും ഗുരുവായൂർ ഏകാദശി ദിവസമായിരുന്നു . ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രിക ചടങ്ങുകൾക്കൊഴികെ മുഴുവൻ സമയവും ഭക്തജനങ്ങൾക്ക് ദർശനത്തിനായി  ശ്രീകോവിൽ തുറന്നിരിക്കുന്നതും 
ഗുരുവായൂരിലെ സമസ്ത ജീവജാലങ്ങളിലും വൈഷ്ണവ ചൈതന്യം നിറഞ്ഞു നില്ക്കുന്നതും ഗുരുവായൂരേകാദശി ദിവസത്തിന്റെ പ്രത്യേകതയാണ് . ഗുരുവായൂരേകാദശിയുടെ മഹാത്മ്യം ഉൾക്കൊണ്ട്  കൃത്യനിഷ്ഠയോടെ വ്രതം ആചരിച്ച്, മനസ്സ് പൂർണ്ണമായും ഭഗവാനിലർപ്പിച്ച് , ഭഗവാന്റെ കീർത്തനങ്ങൾ, ശ്രീമദ് ഭാഗവതം,   ശ്രീ  നാരായണീയം, ശ്രീമദ്  ഭഗവത്ഗീത, ശ്രീ  വിഷ്ണു സഹസ്രനാമം എന്നീ ഭക്തിസാന്ദ്രമായ   ഭഗവത് ഗ്രന്ഥങ്ങൾ ഏതെങ്കിലും    ഭഗവത് സന്നിധിയിൽ    പാരായണം ചെയ്ത്, ഭഗവാന്റെ ചടങ്ങുകളിലെല്ലാം  നിഷ്ക്കളങ്ക മനസ്സോടെ പങ്കെടുക്കുന്ന  ഭക്തജനങ്ങൾക്ക്
ഭഗവത് ദർശനം ലഭിക്കുന്ന പണ്യദിനമാണ് ഗുരുവായൂർ ഏകാദശി .

ശ്രീ മഹാവിഷ്ണു പ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനുവേണ്ടി സകുടുംബം അനുഷ്ഠിക്കേണ്ട ഒന്നാണ് ഗുരുവായൂർ ഏകാദശി .  ദശമി, ഏകാദശി, ദ്വാദശി ഇങ്ങനെ മൂന്നു ദിവസങ്ങളിലാണ്  ഏകാദശിവ്രതം . ദശമി, ദ്വാദശി ദിവസങ്ങളിൽ ഒരുനേരം ഉച്ചക്ക് അരി ആഹാരം ഭക്ഷിക്കാം . എന്നാൽ ഏകാദശി ദിവസം അരി ആഹാരം വർജ്ജിക്കതന്നെ വേണം . ഏകാദശി സമയത്തിലെ ഏറ്റവും ശ്രേഷ്ഠമായ മുഹൂർത്തമാണ് ഏകാദശിയുടെ ഒടുവിലത്തെ പതിനഞ്ചു നാഴികയും ദ്വാദശിയുടെ ആദ്യത്തെ പതിനഞ്ചു നാഴികയും .  ഈ മുഹൂർത്തത്തെയാണ്  "ഹരിവാസരം " എന്നു പറയുന്നത് .   ഭഗവത് പാരായണത്തിന് ഏറ്റവും ശ്രേഷ്ഠമായതും, ഭഗവത്സാന്നിധ്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നതുമായ സമയമാണിത് .  എല്ലാ ഭക്തജനങ്ങൾക്കും ഗുരുവായൂരേകാദശിവ്രത മംഗളാശംസകൾ .

ഭൂമിയിലെ സകല ചരാചരങ്ങൾക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകുവാനായി പ്രാർത്ഥിക്കുന്നു. 

 ശ്രീ ഗുരുവായൂരപ്പാ ശരണം 

Post a Comment

0 Comments