ഭഗവാനും യോഗമായയും

നവരാത്രി

ഭഗവാൻ വൃന്ദാവനത്തിൽ യശോദാദേവീസമീപവും ,യോഗമായ എന്ന ദേവി മധുരയിലെ തടങ്കലിൽ കഴിയുന്ന ദേവകീദേവീസമീപവും എത്തി. ഭഗവാൻ യശോദാദേവിയുടേയും നന്ദഗോപരുടേയും ലാളനകൾ ആസ്വദിച്ച് മിടുമിടുക്കനായി അമ്പാടിയിൽ വളർന്നു. യോഗമായാദേവിയോ? കംസന്റെ ഇരുമ്പുപോലുള്ള കൈകളിൽ നിന്നും വഴുതി മാറി ആകാശത്തിൽ പ്രത്യക്ഷപ്പെട്ട് അശരീരി മുഴക്കി, കംസനെ സീമാതീതമായ കോപത്തിനും ഭയത്തിനും അടിമയാക്കി അപ്രത്യക്ഷപ്പെട്ടു. പിന്നീട് പല പല നാമങ്ങളിൽ ലോകരക്ഷാർത്ഥം പലപലയിടങ്ങളിൽ ദുഷ്ടരെ ശിക്ഷിച്ചും ശിഷ്ടരെ രക്ഷിച്ചും വാണു. അങ്ങനെ കുറച്ചു വർഷങ്ങൾ കഴിഞ്ഞു.

ഒന്ന് നാം ഓർക്കണം. ഇതെല്ലാം കൃഷ്ണാഷ്ടമി അഥവാ അഷ്ടമിരോഹണി ദിവസം തന്നെയാണ് നടന്നത്. അന്ന് തൊട്ട് എല്ലാ കൊല്ലവും ഈ ദിവസം ലോകമെമ്പാടും കൃഷ്ണജന്മാഷ്ടമിയായി ആഘോഷിക്കുന്നു . ഭഗവതിയുടെ ജൻമദിനം ആരും ആഘോഷിക്കാറില്ല്യ. ആരും അതിനെപ്പറ്റി പറയാറുമില്ല്യ. അങ്ങനെ അഞ്ചാറു കൊല്ലം കഴിഞ്ഞു. ഭഗവാന്റെ ഏഴാമത്തെ ജന്മദിനം, കംസൻറെ മധുരയിലൊഴിച്ച് എല്ലായിടത്തും അതിഗംഭീരമായി ആഘോഷിച്ചുകൊണ്ടിരിക്കുന്ന സമയം. ദേവിയും ഗോകുലത്തിലെ ആഘോഷങ്ങളിൽ പങ്കുകൊള്ളാൻ എത്തി. യശോദാമ്മക്കും യോഗമായാദേവിക്കും അമ്മയും മകളും ആണെന്ന ബോധമോ ഓർമയോ ഇല്ല്യെങ്കിലും അവർ തമ്മിൽ ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. യശോദാമ്മയെ യോഗമായ സഹായിക്കുന്നതിനിടയിൽ യശോദാമ്മ നിഷ്ക്കളങ്കമായി ദേവിയോട് ചോദിച്ചു:

"ദേവീ, നിൻറെ പിറന്നാൾ എന്നാണ് "?

ദേവി പറഞ്ഞു : " ഇന്ന് തന്നെയാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പക്ഷെ ആരും ആഘോഷിക്കാറില്ല്യ " .

പറഞ്ഞു തീർന്നപ്പോൾ കുഞ്ഞുദേവിയുടെ കണ്ണുകൾ നിറഞ്ഞു. യശോദാമ്മക്ക് ദുഃഖമായി. ആട്ടെ, വഴിയുണ്ടാക്കാം എന്ന് പറഞ്ഞു പോയി . ദേവി കണ്ണ് തുടച്ച് മുഖത്ത്‌ ചിരി വരുത്താൻ ശ്രമിച്ച് അവിടെ കുറച്ചു നേരം ഇരുന്നു.

അപ്പോളതാ കൃഷ്ണൻ വരുന്നു. കൃഷ്ണനെ കണ്ടപ്പോൾ ദേവിയുടെ അടക്കിയ കണ്ണീർ അണപൊട്ടിയൊഴുകി. കൃഷ്ണൻ കാരണം അന്വേഷിച്ചു. ദേവി പറഞ്ഞു:

"കൃഷ്ണാ, നമ്മൾ രണ്ടുപേരും ഒരേ ദിവസം ജനിച്ചു. ലോകമെമ്പാടും കൃഷ്‌ണന്റെ ജൻമദിനം എല്ലാവരും അത്യാനന്ദപൂർവം ആഘോഷിക്കുന്നു. ആരും ഞാൻ ജനിച്ചതോർമിക്കുകയോ എൻറെ ജന്മദിനം കൊണ്ടാടുകയോ ചെയ്യുന്നില്യ. എന്റെ ദുഃഖം കൃഷ്ണൻ കാണുന്നില്ല്യേ ? ശരിക്കും ഇതൊരു പക്ഷപാതമല്ലേ? നിൻറെ ആജ്ഞ അനുസരിച്ചു് കംസൻറെ കൈയ്യിൽ നിന്നും വാനിലേക്കുയർന്ന ഞാൻ കഴിഞ്ഞ ഏഴു കൊല്ലങ്ങളായി, പലനാമങ്ങളിൽ ലോകമെമ്പാടും മഹാബാധകളിൽ നിന്നും ഭക്തരെ രക്ഷിച്ച് കഴിയുന്നു. എങ്കിലും ഞാൻ ആർക്കും വേണ്ടാത്തതാണോ? "

വാസ്തവത്തിൽ ആദ്യവും അവസാനവുമായി നമ്മുടെ കൃഷ്ണന് ഉത്തരം മുട്ടി. മാത്രമല്ല, ആദ്യമായി ശൗരിയുടെ കണ്ണുകൾ നിറഞ്ഞു. ദേവിയോട് വഴിയുണ്ടാക്കാമെന്ന് ആശ്വസിപ്പിച്ച് കാർവർണൻ ചിന്തയിലാണ്ടു. കൃഷ്ണൻ ഓർത്തു :

"എന്റെ യോഗമായ , ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂഷ്മാണ്ഡ, സ്കന്ദമാതാ, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നീ ഒൻപതു പ്രധാന നാമങ്ങൾ കൈക്കൊണ്ടാണല്ലോ ദൃശ്യപ്രപഞ്ചത്തിൽ ഭക്തരുടെ സർവ്വബാധാപ്രശമനം നടത്തുന്നത്? ആ ഒൻപതു ദേവികളുടേയും ജന്മദിനം ഒൻപതു ദിവസങ്ങളായി അടുത്ത മാസമായ കന്നിമാസത്തിലെ പൗർണ്ണമി തുടങ്ങിയുള്ള ഒൻപതു ദിവസങ്ങൾ ആഘോഷിക്കുന്ന ഒരു പതിവ് തുടങ്ങിയാലോ? ദേവി വിഹായസ്സിൽ കുതിച്ചുയർന്ന് എണ്ണമറ്റ രൂപങ്ങളിലും നാമങ്ങളിലും വസിക്കാൻ തുടങ്ങിയത് അർദ്ധരാത്രി കഴിഞ്ഞാണല്ലോ? അതിനാൽ പകൽ മാത്രമല്ല ഒൻപതു രാത്രിയിലും ആഘോഷങ്ങൾ വേണം. അങ്ങനെ "നവരാത്രി"കളിൽ ആയി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്ന പതിവ് ഈ കന്നിമാസത്തിൽ തന്നെ തുടങ്ങി പിന്നെ ലോകാവസാനം വരെയും അത് തുടരാം എന്ന് ദേവിയോട് പ്രതിജ്ഞ ചെയ്യട്ടെ. എന്റെ പൊന്നനുജത്തിയുടെ ദുഃഖം കാണാനുള്ള കെല്പില്ല. മറ്റെല്ലാവരുടേയും കണ്ണീർ തുടക്കുന്ന കൃഷ്ണസോദരി കേഴുകയോ? "

കൃഷ്ണൻ തൻറെ ഈ നൂതന ആശയം ദേവിയുടെ മുൻപിൽ അവതരിപ്പിച്ചു. ദേവി വളരെ സന്തോഷവതിയായി. കണ്ണീർ തുടച്ചു, പുഞ്ചിരി തൂകി. സഹോദരനെ കെട്ടിപ്പിടിച്ചു, ആനന്ദാശ്രുക്കൾ പൊഴിച്ചു. ദേവി കൃഷ്ണനോട് പറഞ്ഞു:

"കൃഷ്ണ, ഈ നവരാത്രികളിൽ എന്നെ ഭജിക്കുന്നവർക്കെല്ലാം കൃഷ്ണന്റേയും പൂർണഅനുഗ്രഹം ഉണ്ടാകും. കാരണം ഞാൻ വിഷ്ണുമായയല്ലേ? അങ്ങയിൽ നിന്നു വ്യത്യസ്തമായി എനിക്ക് അസ്തിത്വമില്ല്യല്ലോ? എന്നെ അനുഗ്രഹിക്കൂ. മായാതീതനായ കൃഷ്ണനിൽ സായുജ്യമടയാൻ എന്റെ ഭക്തരെ സദാ അനുഗ്രഹിക്കൂ. അവരെയെല്ലാം അങ്ങയിലേക്കു നയിക്കാനുള്ള ശക്തി എന്നിൽ ചൊരിയൂ."

അങ്ങനെ കന്നി മാസമായി.ദേവിയുടെ ഏഴാമത്തെ ജൻമദിനം വളരെ ഗംഭീരമായി നവരാത്രികളിൽ ആഘോഷിച്ചു. ഒൻപതു നാമങ്ങളിൽ മാത്രമല്ല ആയിരമായിരം നാമങ്ങളാൽ ഭക്തർ ദേവിയെ വാഴ്ത്തി. മഹാലക്ഷ്മിയായും, സരസ്വതിയായും ദുർഗ്ഗയായും ചണ്ഡികയായും ഭദ്രകാളിയായും മഹിഷാസുരമർദ്ദിനിയായും ശ്രീപാർവതിയായും ലളിതയായും ശാരദയായും ഒക്കെ ദേവി എല്ലാ ദിക്കിലും വിളങ്ങി!

ഏഴുവയസ്സിൽ തുടങ്ങിയ നവരാത്രികൾ നീണ്ടുനിൽക്കുന്ന ദേവിയുടെ ജന്മദിനാഘോഷം ഇന്നും തുടരുന്നു! യോഗമായ അഥവാ വിഷ്ണുമായ മഹാവിഷ്ണുവിൽ ലയിക്കുന്നതു വരെ അതു തുടരുകയും ചെയ്യും.

ഈ സംഭാഷണവും ആശയവും മനസ്സിൽ വന്നപ്പോൾ കുത്തിക്കുറിക്കുന്നതിനു മുൻപുതന്നെ കൃഷ്ണഭഗവാനേയും യോഗമായാദേവിയേയും വീണ്ടും വീണ്ടും നമസ്കരിച്ചു. അങ്ങനെ പൂർവാധികം സന്തോഷത്തോടെ ദേവിയുടെ ഇക്കൊല്ലത്തെ ഒൻപതു ദിവസങ്ങളിലെ പിറന്നാളാഘോഷവും വന്നെത്തി .

അമ്മേ നാരായണ! ദേവീ നാരായണ! ലക്ഷ്മീ നാരായണ ഭദ്രേ നാരായണ!

Post a Comment

0 Comments