എല്ലാ സജ്ജനങ്ങൾക്കും നമസ്ക്കാരം
നാനാവഴിക്കു പോകുന്ന ഇന്ദ്രിയങ്ങളെ അടക്കി രൂപരഹിതമായ ബ്രഹ്മത്തെ ധ്യാനിക്കുക എന്നത് ഒരു ഗൃഹസ്ഥാശ്രമിയെ സംബന്ധിച്ച് വളരെ ശ്രമകരമാണ്. ഇന്ദ്രിയങ്ങൾ, അന്ത: കരണങ്ങൾ മുതലായവ സൗന്ദര്യമുള്ള വസ്തുക്കളാൽ വശീകരിക്കപ്പെടുന്നവയാകയാൽ സുന്ദരന്മാരിൽ സുന്ദരനായ കൃഷ്ണനാകട്ടെ നമ്മുടെയെല്ലാം കേന്ദ്രബിന്ദു. ഇവിടെ ബന്ധനസ്ഥരായ രാജാക്കന്മാരുടെ ഭാര്യമാരെല്ലാം ഭഗവാന്റെ മഹിമകൾ പാടി പുകഴ്ത്തുന്നു. ഭഗവാൻ കൈവെടിയില്ല എന്ന ഉറച്ച വിശ്വാസത്തിൽ ക്ഷമയോടെ അതിലുപരി ഭക്തിയോടെ ഭഗവൽ കഥകൾ കുട്ടികളെ പാടി കേൾപ്പിക്കുന്നു. ഭഗവാന്റെ പാദകമലത്തെ ശരണം പ്രാപിച്ച മുനികളും നാരദമഹർഷിയെപ്പോലുള്ളവരും സ്തുതിക്കുന്ന പോലെ ആ രാജസ്ത്രീകളും ഭഗവാന്റെ വീര്യ പ്രഭാവത്തെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. അതിനാൽ ജരാസന്ധനെ വധിച്ച് വേഗം തന്നെ അവരെയെല്ലാം രക്ഷിക്കണമെന്ന് ഉദ്ധവൻ പറഞ്ഞു.ജരാസന്ധനെ വേഗം കൊല്ലുന്നതു കൊണ്ട് ഭക്തനെ ദ്രോഹിക്കുന്നവൻ നശിക്കുമെന്നും എന്നാൽ ഭക്തൻ നശിക്കുകയുമില്ല. അങ്ങയുടെ ഭക്തന്മാരായ രാജാക്കന്മാരെ ബന്ധിച്ചു കൊണ്ടായിരുന്നു ജരാസന്ധൻ തന്റെ മൃത്യുവിനെ പുല്കിയത്.ഭഗവാന്റെ ജീവനാഡിയായ ഭക്തന്മാരെ തൊട്ടു കളിച്ചാൽ ഭഗവാന് സഹിക്കില്ല. എന്റെ ഭക്തൻ ഒരിക്കലും നശിക്കുകയില്ല എന്ന അവിടുത്തെ പ്രതിജ്ഞ സത്യമായി തീരണമെങ്കിൽ ശരണം പ്രാപിച്ച രാജാക്കന്മാരുടെ ബന്ധമോചനം വരുത്തി അവരെ രക്ഷിച്ചതായും ഭക്തനായ യുധിഷ്ഠിരന്റെ രാജസൂയം നടത്തി കൊടുത്തു എന്നും വരും അതുകൊണ്ട് ഭഗവാന്റെ സത്കീർത്തി ലോകമാകെ വ്യാപരിക്കും. ജരാസന്ധനോട് പതിനട്ട് തവണയുദ്ധം ചെയ്തപ്പോൾ ചെയ്യേണ്ടതായ പ്രതിക്രിയ ഈ പ്രാവശ്യം അവിടുത്തേക്ക് ചെയ്യാൻ കഴിയും. ഭൂഭാരം നശിപ്പിക്കുന്നതായ അവതാര പ്രയോജനവും സിദ്ധിക്കും. ഇങ്ങനെ അനവധി കാര്യങ്ങൾ സാധിച്ചതായി വരും ദുഷ്ടന്മാരായ ജരാസന്ധാദികളുടെ പാപകർമ്മങ്ങളുടെ പരിപാകവും ശിഷ്ടന്മാരായ മറ്റു രാജാക്കന്മാരുടെ പുണ്യകർമ്മ പരിപാകവും നിമിത്തമാണ് ഈ രാജസൂയം ഇപ്പോൾ നടത്തണമെന്ന് ധർമ്മപുത്രർക്ക് തോന്നിയത്. അതു കൊണ്ട് 'ആയാഗത്തെക്കുറിച്ചുള്ള സന്തോഷം സൂചിപ്പിക്കാനായി ആദ്യം രാജസൂയത്തിന് പോകണമെന്ന ഉദ്ധവന്റെ അഭിപ്രായം ഭഗവാൻ സ്വീകരിച്ചു.കാരണം ഉദ്ധവന്റെ വാക്ക് എല്ലാം കൊണ്ടും ശുഭത്തെ ഉണ്ടാക്കിത്തീർക്കുന്നതും രാജനീതി യിൽ നിന്ന് ലേശവും ഭേദിക്കാത്തതും ആയിരുന്നു. ശ്രീ നാരദനും യദുശ്രേഷ്ഠരുമെല്ലാം ഉദ്ധവാഭിപ്രായത്തെ ശ്ലാഘിച്ചു.അങ്ങനെത്തന്നെയാകട്ടെ എന്ന് ഏവരും അഭിപ്രായപ്പെട്ടു. ചില ചെറുപ്പക്കാരായ യദുക്കൾക്ക് ഈ അഭിപ്രായം അല്പം പോലും ദഹിച്ചില്ല. പക്വതയില്ലാത്തവരായിരുന്നു അവർ. അതു കൊണ്ട് ഉദ്ധവനെപ്പോലുള്ള രാജനീതിമർമ്മജ്ഞനായ ഒരു മന്ത്രി രാജാവിനുണ്ടായിരുന്നാൽ സാധുജനദ്രോഹജമായ യുദ്ധം കൂടാതെതന്നെ കാര്യം മിക്കതും നിർവഹിക്കാമെന്ന നല്ല ഒരു ഉപദേശം കൂടി ഭഗവാൻ ഇതിലൂടെ ലോകത്തിന് നൽകിയിരിക്കുന്നു. അനാവശ്യമായ കൊലയാണല്ലോ ഇന്നത്തെ ഭീകരവാദികൾ തെരഞ്ഞെടുത്തിരിക്കുന്ന മാർഗ്ഗം .സ്വാർത്ഥലാഭത്തിനു വേണ്ടി നിർദോഷികളായ അനവധി ജനങ്ങളെ അവർ കൊന്നൊടുക്കുന്നു.കൂടാതെ ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്ന ഭരണാധിപന്മാർ നിഷ്ക്രിയരാകാതെ പൊതു സമ്മതമായ തീരുമാനങ്ങൾ രൂപീകരിക്കാനുള്ള രീതിയും കൂടിയാണ് ശ്രീകൃഷ്ണൻ ഉദ്ധവൻ മുഖേന ലോകത്തിനു നൽകിയത്. ഇങ്ങനെ സർവ്വകാര്യങ്ങളും ലഘുവായി സാധിക്കാൻ സമർത്ഥനായ ഭഗവാൻ ദാരുകൻ, ജൈത്രൻ മുതലായ ഭൃത്യന്മാരോട് യാത്രയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യാൻ പാഞ്ഞു. മാതാപിതാക്കളായ ദേവകി വസുദേവന്മാരും സമീപത്തുചെന്ന് വന്ദിച്ച് ആശിർവാദം കൈക്കലാക്കി. പിന്നീട് ശ്രീകൃഷ്ൻ പുത്രന്മാരേയും ഭാര്യമാരേയും വേണ്ടുന്ന സാധനങ്ങളോടുകൂടി ബലരാമനോടും ഉഗ്രസേന മഹാരാജാവിനോടും യാത്ര പറഞ്ഞ് ഇന്ദ്രപ്രസ്ഥത്തിലേക്കു തിരിച്ചു. തേർപ്പട, കാലാൾപ്പട, കുതിരപ്പട എന്നീ സൈന്യങ്ങളു അവയുടെ നാഥന്മാരും ശ്രീകൃഷ്ണനെ ചുറ്റിക്കൊണ്ടും മൃദംഗം, ഭേരി, ആനകം, ശംഖം,ഗോമുഖം മുതലായവാദ്യങ്ങളുടെ ഘോഷത്താൽ സകല ദിക്കുകളേയും ശബ്ദിപ്പിച്ചും കൊണ്ടും ശ്രീകൃഷ്ണൻ പുറപ്പെട്ടു. ഇതേപോലെ ഭഗവാനെ അവിടുന്ന് ഓരോ ഭക്തന്റേയും ഹൃദയഗുഹയിലേയ്ക്കും ആവിർഭവിക്കണെ.സർവ്വാഭരണഭൂഷിതനായി വിടർന്ന താമരപ്പൂ പോലെ തെളിഞ്ഞ മുഖത്തോടും അരുണ നിറമാർന്ന നേത്രങ്ങളോടും ചെന്തൊണ്ടി വായ്മ ലരും പൂ പുഞ്ചിരിയോടും കൂടി അവിടുത്തെ നിത്യവും ഈ ഭക്തരുടെ ഹൃദയകമലത്തിൽ കാണാൻ കഴിയണെ.അതിനായി അനുഗ്രഹിക്കണെ.
അല്ലയോ ഗുരുവായൂരപ്പ അവിടുന്നു സന്തോഷിക്കണെ.ആ സന്തോഷം എല്ലാ ഭക്തജനഹൃദയങ്ങളിലും നിറഞ്ഞു തുളുമ്പണെ.
കാപ്പാട് : വാട്സാപ്പ്
0 Comments