"വസുദേവസുതം ദേവം കംസചാണൂരമർദ്ധനം!
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗത്ഗുരും"
കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച!
നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമഃ!!
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ!
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ!!
ശ്രീഗുരുവായൂരപ്പാ ശരണം!
പരമാത്മാവായ, പരബ്രഹ്മായ സർവ്വവ്യാപിയായ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരം, പുണ്യപൂർണ്ണാവതാരം, സാക്ഷാൽ നാരായണൻ ശ്രീകൃഷ്ണഭഗവാന്റെ ജന്മദിനമായ 'അഷ്ടമി രോഹിണി'.
ഭഗവാൻ ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ രോഹിണി നക്ഷത്ര ദിവസത്തിൽ അർദ്ധരാത്രിയിൽ, ദേവകീവസുദേവരുടെ പുത്രനായി മഥുരയിൽ ജനിച്ചു. മിക്ക വർഷങ്ങളിലും അഷ്ടമി തിഥിയിൽ രോഹിണി നക്ഷത്രം വരാറില്ല. അതായത് എല്ലാ വർഷങ്ങളിലും രോഹിണി നക്ഷത്രത്തിലല്ല ജന്മാഷ്ടമിതിഥി വരുന്നത്. എന്നാൽ ഈ വർഷം, ദ്വാപരയുഗത്തിൽ ഭഗവാൻ ജനിച്ച അതേ തിഥി, നക്ഷത്രം എല്ലാം ഒരുപോലെ വരുന്നു എന്നതാണ് അത്ഭുതം. അതുകൊണ്ട് തന്നെ ഈ വർഷത്തെ അഷ്ടമി രോഹിണി വളരെ വളരെ വിശിഷ്ടതയുള്ളതാണ്. ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി വ്രതം (അഷ്ടമി രോഹിണി വ്രതം) എടുക്കുന്നത് അത്യുത്തമമാണ്. സെപ്തംബർ 2, 3 ദിവസങ്ങളിലാണ് വ്രതമെടുക്കേണ്ടത്. സപ്തമി, അഷ്ടമി. സാധിക്കുന്നവർ നവമി വരെ എടുക്കുന്നത് ഉത്തമം.
ജന്മാഷ്ടമിയുടെ തലേദിവസം രാത്രി ലഘുഭക്ഷണം കഴിക്കുക. സപ്തമി, അഷ്ടമി ദിവസം പൂർണ്ണഉപവാസം എടുത്താൽ മഹാപുണ്യം. ഒരു നേരം പഴവർഗ്ഗൾ കഴിച്ചും വ്രതമെടുക്കാം. വ്രതമെടുക്കാത്തവർ ഈ രണ്ടു ദിവസം ഉപ്പ്, ഉള്ളി, വെളുത്തുള്ളി ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കണം. ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിച്ച് വൃത്തിശുദ്ധിയോടുകൂടി വിളക്കുകൊളുത്തി ഭഗവാന്റെ അവതാരത്തിനായ് നന്ദിപറഞ്ഞുകൊണ്ട് (അധർമ്മം പെരുകുമ്പോൾ ബ്രഹ്മാവുൾപ്പെടെയുള്ള സർവ്വദേവതകളുടേയും പ്രാർത്ഥനയിൽ സന്തോഷവാനായാണ് ഭഗവാൻ ഓരോരൂപമെടുത്ത് രക്ഷക്കായ് എത്തുന്നത്), സർവ്വചരാചര പ്രപഞ്ചഗുരുവായ പരമശിവനെ മനസ്സിൽ ധ്യാനിച്ച്, വിഘ്നേശ്വര വന്ദനം, ഗായത്രിമന്ത്ര വന്ദനം, സൂര്യ വന്ദനം, ശ്രീമഹാവിഷ്ണു വന്ദനം, ആദിപരാശക്തി വന്ദനം, സർവ്വദേവതാ വന്ദനം നടത്തണം. അത് കഴിഞ്ഞ് ശ്രീകൃഷ്ണ വന്ദനം, 2 ദിവസം മുഴുവൻ പരമാത്മാവായ ശ്രീകൃഷ്ണഭഗവാനെ ഭജിക്കുക, പൂജിക്കുക, ഭഗവാനിൽ സർവ്വവും സമർപ്പിക്കുക.
മഹാവിഷ്ണു മൂലമന്ത്രങ്ങളായ അഷ്‌ടാക്ഷരമന്ത്രം
"ॐ നമോ നാരായണായ: "
ദ്വാദശാക്ഷരമന്ത്രം
"ॐ നമോ ഭഗവതേ വാസുദേവായ:"
ശ്രീകൃഷ്ണ മൂലമന്ത്രം
"ഓം ക്ളീം കൃഷ്ണായ നമഃ"
എന്നിവ ജപിക്കുക.
കൃഷ്ണ പ്രീതികരങ്ങളായ ഗോപാല മന്ത്രങ്ങള്‍ ജപിക്കാൻ ശ്രീകൃഷ്ണജന്മാഷ്ടമി പോലെ ഉത്തമമായ മറ്റൊരു ശുഭാരംഭം വേറെ ഇല്ല. എട്ട് ഗോപാല മന്ത്രങ്ങളും താഴെ കൊടുക്കുന്നു.
1.ആയുർ ഗോപാലം.
"ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹി മേ ശരണം കൃഷ്ണ
ത്വാമഹം ശരണം ഗതഃ"
(ദേവകിയുടേയും വസുദേവരുടേയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/കൃഷ്ണാ!ഞാൻ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് ശരണം നല്കിയാലും)
ഫലം: ദീർഘായുസ്സ്.
2. സന്താന ഗോപാലം.
"ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹി മേ തനയം കൃഷ്ണ
ത്വാമഹം ശരണം ഗതഃ"
(ദേവകിയുടേയും വസുദേവരുടേയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/കൃഷ്ണാ!ഞാൻ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നല്കിയാലും)
ഫലം: സന്താന ലബ്ധി.
3. രാജഗോപാലം.
"കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്താ നാമ ഭയംകര
ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനായ"
(മഹായോഗിയും ഭക്തൻമാർക്ക് അഭയം നൽകുന്നവനും ഗോവിന്ദനും പരമാനന്ദരൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം നന്മയും എനിക്ക് അധീനമാകട്ടെ)
ഫലം: സമ്പത്സമൃദ്ധിഐശ്വര്യം, വശ്യം.
4. ദാശാക്ഷരീ ഗോപാലം.
"ഗോപീജന വല്ലഭായ സ്വാഹാ"
(ഗോപീ ജനങ്ങളുടെ നാഥനായികൊണ്ട് സമർപ്പണം.)
ഫലം: അഭീഷ്ടസിദ്ധി.
5. വിദ്യാ ഗോപാലം
"കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവജ്ഞ്ത്വം പ്രസീദമേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രയച്ഛമേ"
(പാപനാശകനും ലക്ഷ്മീപതിയും ലോകനാഥനും സർവജ്ഞനുമായ അല്ലയോ കൃഷ്ണാ! എനിക്ക് വേഗത്തിൽ വിദ്യ നൽകിയാലും.)
ഫലം: വിദ്യാലാഭം.
6. ഹയഗ്രീവ ഗോപാലം
"ഉദ്ഗിരിത് പ്രണവോദ്ഗീത
സർവവാഗീശ്വരേശ്വരാ
സർവവേദമയ! ചിന്ത്യ! സർവ്വം ബോധയ ബോധയ"
(പ്രണവമാകുന്ന ഉദ്ഗീഥനം ഉരുവിട്ട് കൊണ്ടിരിക്കുന്നവനേ! എല്ലാ അറിവുകളുടെയും അധിപതേ! എല്ലാ വേദങ്ങളോടും കൂടിയവനേ! ധ്യാനിക്കേണ്ടവനേ! എല്ലാം എനിക്ക് മനസ്സിലാക്കി തരിക)
ഫലം: സർവജ്ഞാന ലബ്ധി.
7. മഹാബല ഗോപാലം
"നമോ വിഷ്ണവേ സുരപതയേ
മഹാബലായ സ്വാഹ"
(സുരപതിയും മഹാബലശാലിയും ദേവരാജാവുമായ വിഷ്ണുവിന് നമസ്കാരം സമർപ്പണം)
ഫലം: ശക്തി വർദ്ധന
8. ദ്വാദശാക്ഷര ഗോപാലം
"ഓം നമോ ഭഗവതേ വാസുദേവായ"
(ഭഗവാനായ ശ്രീകൃഷ്ണനായികൊണ്ട് നമസ്കാരം)
ഫലം: ചതുർവിധ പുരുഷാർത്ഥ ലബ്ധി (ധർമ്മാർത്ഥ കാമ മോക്ഷ)
41/108 എന്നീ ക്രമത്തിൽ ഓരോ മന്ത്രങ്ങളും ജപിക്കാവുന്നതാണ്. ശുദ്ധമായ മനസ്സോടെ, ഉറച്ച ഭക്തിയോടെ, കൃത്യനിഷ്ഠയോടെ സർവ്വം ശ്രീകൃഷ്ണാർപ്പണമായി ഭഗവാനെ ഭജിക്കുക. ശ്രീമത്ഭാഗവതം-ദശമസ്കന്ദം "ശ്രീകൃഷ്ണാവതാരം പാരായണം", കൃഷ്ണ സ്തുതി, ശ്രീകൃഷ്ണാഷ്ടകം, ശ്രീകൃഷ്ണസഹസ്രനാമം, ശ്രീകൃഷ്ണാഷ്ടോത്തരം, അച്യുതാഷ്ടകം, മുകുന്ദമാല, മുകുന്ദാഷ്ടകം, ഗോവിന്ദ കീർത്തനങ്ങൾ എന്നിവയൊക്കെ ഭക്തിയോടെ ജപിക്കാം. ഭൂമിയിൽ അധർമ്മം തഴച്ചു വളരുമ്പോൾ പരമാത്മാവ് മനുഷ്യരൂപം ധരിച്ച് സാധുക്കളുടെ രക്ഷക്ക് എത്തുന്നു. ഇനിയുമിനിയും ലോകരക്ഷക്കായി ഭഗവാൻ അവതരിക്കണേ എന്ന് പ്രാർത്ഥിക്കുക.
ശ്രീകൃഷ്ണപരമാത്മാവാണ് സർവ്വവും. സർവ്വവും ആ ദിവ്യരൂപത്തിൽ കുടികൊള്ളുന്നു. എല്ലാവർക്കും എല്ലാ നന്മയും നേരുന്നു.
കടപ്പാട് : വാട്സാപ്പ്
0 Comments