ശ്രീകൃഷ്ണൻ - ഗുരുവായൂരപ്പൻ : ഒരു ലഘു വീക്ഷണം

എല്ലാ സജ്ജനങ്ങൾക്കും നമസ്ക്കാരം
യോഗമാർഗ്ഗങ്ങളിൽ ഭക്തിക്കു തുല്യമായിട്ടൊന്നും തന്നെയില്ല. സർവ്വേശ്വരനായ ഭഗവാനെ പരമോൽകൃഷ്ടമായി സ്നേഹിക്കുന്നതിൽ കവിഞ്ഞ് വേറൊന്നും ചെയ്യാനില്ല.മനസ്സ് ഭഗവാനിൽ ഉറയ്ക്കുന്തോറും സുഖാനുഭവം ഉണ്ടാകുകയും ചെയ്യും. ഉത്കൃഷ്ടമായ ഭക്തി യോഗത്തെ വളർത്തി ഭഗവാനിൽ ഇളക്കമില്ലാത്ത മനസ്സ് ഉറപ്പിക്കണം. മഥുരാപുരിയിൽ കംസവധത്തിനു ശേഷം ഭക്തനായ ഉദ്ധവനെ സ്നേഹിതനായി ലഭിച്ച ഭഗവാൻ അതീവസന്തുഷ്ടനായിരുന്നു.മന്ത്രി സത്തമനായ ഉദ്ധവന്റെ ബുദ്ധിയും ഭക്തിയും ഒരേ പോലെ പ്രശംസാ ർഹമായിരുന്നു. അത് കൊണ്ട് കൃഷ്ണൻ സമുചിതമായ തീരുമാനമെടുക്കാൻ ഉദ്ധവനോട് ആവശ്യപ്പെട്ടു. രാജസൂയയാഗം സകല ദിക്കുകളിലും ഉള്ള രാജാക്കന്മാരെ കീഴടക്കിയ രാജാവിനു മാത്രമെ ചെയ്യാൻ അധികാരമുള്ളു. കൃഷ്ണനെ ശരണം പ്രാപിച്ച രാജാക്കന്മാരെ തടവറയിൽ നിന്നു് രക്ഷപ്പെടുത്തണമെങ്കിലും ജരാസന്ധനെ ജയിക്കേണം. ഈ രണ്ടു കാര്യവും ഒരേ അവസരത്തിൽ സാധിക്കണമെന്നാണ് ഉദ്ധവന്റെ അഭിപ്രായം. അതു കൊണ്ട് ജരാസന്ധജയം രണ്ടും സാധിപ്പിക്കുന്ന കാര്യമാണ്.ജരാസന്ധ വധത്താൽ ലോകവാസികൾക്കുള്ള മഹാഭയത്തെ തീർക്കുക എന്നത് ഏറ്റവും വലിയ കാര്യമാണ്. സ്വർഗ്ഗത്തിൽ ചെന്ന് കാമധേനുവിനേയും കല്പവൃക്ഷത്തേയും സ്വാധീനപ്പെടുത്തിയ കൃഷ്ണന് ജരാസന്ധ വധം തുലോം തൃണസമമാണ്. ജരാസന്ധൻ ബന്ധിപ്പിച്ചിരിക്കുന്ന രാജാക്കന്മാരെ ബന്ധനമുക്തരാക്കിയാൽ ഭഗവാന്റെ സത് കീർത്തി ലോകത്തെ ആനന്ദഭരിതരാക്കി തീർക്കുന്നു. ജരാസന്ധ നെ വേഗം ഹനിക്കണമെന്നുള്ള യാദവന്മാരുടെ അത്യുത്സാഹം കണ്ട് ഉദ്ധവൻ ഇപ്രകാരം പറഞ്ഞു.ജരാസന്ധന് പതിനായിരം ആനകളുടെ ശക്തിയുണ്ട്. അത്ര ശക്തിയുള്ള രാജാക്കന്മാർ വേറെ ഇല്ല. എന്നാൽ ഭീമസേനനാകട്ടെ അവനോട് കിടപിടിക്കാൻ യോഗ്യതയുള്ളവൻ ആണ്. അതു കൊണ്ട് ഭീമസേനൻ തന്നെ ജരാസന്ധ നെ വധിക്കുന്നതല്ലാതെ അന്യർക്ക് ജരാസന്ധവധം സാദ്ധ്യമല്ല എന്നു നിശ്ചയം .ദ്വന്ദയുദ്ധത്തിൽ ജരാസന്ധനെ ജയിക്കണം. എന്തുകൊണ്ടെന്നാൽ നൂറ് അക്ഷൗഹിണീ സൈന്യമുള്ള അവൻ യുദ്ധത്തിനു വന്നാൽ അവനേയും സൈന്യത്തേയും ജയിക്കുക എന്നത് അപര്യാപ്തമാണ്. യുദ്ധത്തിനിടയിൽ അനവധി രാജാക്കന്മാരെ കൊല്ലേണ്ടതായി വരും അവരെയെല്ലാം സംഹരിക്കുന്നതു കൊണ്ട് രാജസൂയത്തിന്റെ ശോഭ തന്നെ കുറഞ്ഞു പോകും.എന്നാൽ ദ്വന്ദയുദ്ധത്തിനവൻ സൈന്യത്തെ അയച്ചാലോ എന്നുള്ള ശങ്കയ്ക്ക് ഉദ്ധവൻ സമാധാനം പറയുന്നു.പ്രസിദ്ധി ആഗ്രഹിക്കുന്ന അവൻ ബ്രാഹ്മണ ഭക്തനാകുന്നു. ബ്രാഹ്മണൻ ചോദിച്ചത് എന്തും കൊടുക്കും ഒരിക്കലും നിരാകരിക്കില്ല. അതാണ് ജരാസന്ധന്റ സ്വഭാവം.ഭീമസേനൻ ബ്രാഹ്മണ വേഷം സ്വീകരിച്ച് ജരാസന്ധ സവിധത്തിൽ ചെന്ന് ദ്വന്ദയുദ്ധത്തെ അർത്ഥിക്കണം. സമബലവാന്മാരായ അവർ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ ജരാസന്ധനെ ഭീമന് എങ്ങിനെ കൊല്ലാൻ കഴിയും എന്നുള്ള ചോദ്യമേ ഇവിടെ ഉദിക്കുന്നില്ല.ഭഗവാനോടുകൂടി പോകുന്ന ഭീമനു തന്നെ ജയം സംശയമില്ല എന്നും ഉദ്ധവൻ കൂട്ടിച്ചേർത്തു. അവിടുത്തെ സാന്നിദ്ധ്യവും സാമീപ്യവും അനുഭവിക്കുന്നവർക്കെ ജയം ഉള്ളു അതിന് രണ്ടു പക്ഷമില്ല. ലോകത്തെ സൃഷ്ടിക്കുന്നതും സംഹരിക്കുന്നതും രക്ഷിക്കുന്നതും വാസ്തവത്തിൽ അവിടുന്നു തന്നെ. എങ്കിലും സൃഷ്ടി ബ്രഹ്മാവിന്റേയും സംഹാരം ശിവന്റേയും പ്രവർത്തിയാണെന്ന് ജനങ്ങൾ ധരിക്കുന്നു. അങ്ങയാൽ ചെയ്യപ്പെടുന്ന സൃഷ്ടിക്കും സംഹാരത്തിനും ബ്രഹ്മാവും ശിവനും നിമിത്തമാത്രമായിരിക്കുന്നു എന്നല്ലാതെ വാസ്തവത്തിൽ കർത്തൃത്വം അവർക്കല്ല, അതുപോലെ ഭീമൻ കൊല്ലുന്നവൻ എന്ന പേർ മാത്രമല്ലാതെ വാസ്തവത്തിൽ ജരാസന്ധനെ ഹനിക്കുന്നവൻ അവിടുന്നുതന്നെയാകുന്നു. ജരാസന്ധനാൽ ബന്ധിതരാക്കപ്പെട്ട രാജാക്കന്മാരുടെ ഭാര്യമാരുടെ അവിടുത്തോടുള്ള ഭക്തിയാകട്ടെ അപാരം.അവർ തങ്ങളുടെ കൊച്ചു കുട്ടികൾ കരയുമ്പോളും അവരെ പാട്ടു പാടി ഉറക്കുമ്പോളും എന്നു വേണ്ട എല്ലാ സമയത്തും ഭഗവാന്റെ കഥകൾ പറഞ്ഞു കൊടുക്കുകയും ശ്രീകൃഷ്ണൻ നിന്റെ പിതാവിനെ ബന്ധിച്ചിരിക്കുന്ന ജരാ സന്ധനെ ശീഘ്റം ഹനിച്ച് ബന്ധനത്തിൽ നിന്ന് മോചിതനാക്കുമെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. ശംഖചൂഡനെ വധിച്ച് ഗോപികളെ രക്ഷിച്ചതും മുതലയാൽ കടിക്കപ്പെട്ട ആനയെ രക്ഷിച്ച കഥയെല്ലാം പറഞ്ഞ് നിങ്ങളുടെ പിതാവിനേയും രക്ഷിക്കും എന്നുള്ള അർത്ഥം വരുന്ന പാട്ടുകൾ പാടിക്കൊണ്ടിരിക്കുന്നു. നോക്കൂ അവരുടെയെല്ലാം ഭഗവാനിലുള്ള ഉറച്ച വിശ്വാസം. ഈ ഉറച്ച വിശ്വാസം എതാപത്തിൽ നിന്നും താപത്രയങ്ങളിൽ നിന്നും എല്ലാം ഭഗവാൻ രക്ഷിക്കുമെന്നുള്ള ഉറച്ച വിശ്വാസം ലഭിക്കാൻ നമുക്കും ഗുരുവായൂരപ്പനോടു് പ്രാർത്ഥിക്കാം. അതിനായി ഭഗവാൻ അനുഗ്രഹിക്കട്ടെ.
അല്ലയോ ഗുരുവായൂരപ്പ അവിടുന്നു സന്തോഷിക്കണെ.ആ സന്തോഷം എല്ലാ ഭക്തജനഹൃദയങ്ങളിലും നിറഞ്ഞു തുളുമ്പണെ.
         
കടപ്പാട് : വാട്സാപ്പ്

Post a Comment

0 Comments