എവിടെയാണ് ദൈവം?

ഇപ്പോഴത്തെ പ്രളയം, കേരള ചരിത്രത്തിന്റെ ഭാഗമാണ്. ഒരു പക്ഷെ, ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായി മാറാം. നാമതിനു സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്.

അപ്രതീക്ഷിതമായ ആഘാതം. ഞെട്ടൽ വിട്ടുമാറാതെ നമ്മൾ. ഭീതിയിലാഴ്ന്ന ജനങ്ങൾ. എല്ലാം നഷ്ടപ്പെട്ട ഒരുപാടു പേർ. മക്കൾ, അച്ഛൻ, അമ്മ, സഹോദരങ്ങൾ, ബന്ധുജനങ്ങൾ, വളർത്തുമൃഗങ്ങൾ, കൃഷിയിടങ്ങൾ, വാഹനങ്ങൾ, കരുതിവെച്ച സമ്പാദ്യം. ജീവിതം തന്നെ, വെടിയേണ്ടി വന്ന കുറേയേറെപ്പേർ.

ആരെയും കുറ്റം പറയാനില്ല. ചില കണക്കുകൂട്ടലുകൾ പിഴച്ചിരിക്കാം. ചിലത്, മുൻകൂട്ടി കാണുവാൻ കഴിയാതിരുന്നിരിക്കാം. ആരുടേയും കുറ്റമല്ല, ആർക്കും സംഭവിക്കുന്നത്. കുറ്റം പറയാൻ ആർക്കും അർഹതയില്ല.

എന്നാൽ, നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്.

ദുരന്തം നേരിടുവാൻ, കയ്യും മെയ്യും മറന്നു പ്രവർത്തിച്ച, ഒരുപാട് പേർ, ഒരുപാടു സംഘടനകൾ, അവധിയും ഡ്യൂട്ടി സമയവും നോക്കാതെ ജോലി ചെയ്തു കൊണ്ടിരിക്കുന്ന പോലീസ്, ഫയർ ഫോഴ്സ്, വൈദ്യുതി, ആരോഗ്യം, റവന്യു തുടങ്ങിയ എല്ലാ വകുപ്പുകളിലെയും നല്ലവരായ ചില ജീവനക്കാർ. കൃത്യ സമയത്ത് ഓടിയെത്തിയ നമ്മുടെ സൈന്യം.

എന്നെപ്പോലെ, ദുരിത ഭീഷണി ഇല്ലാത്ത സ്‌ഥലത്ത് ജീവിക്കുന്ന,  ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുവാൻ മാത്രം കഴിഞ്ഞ, ഒരുപാടു പേർ. നാളെ എന്തു സംഭവിക്കും എന്ന് ആർക്കും അറിയില്ല. എല്ലാവരും, കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്.

എന്നിട്ടും,

ഇതൊന്നും നമ്മളെ ബാധിക്കില്ല, എന്ന് അഹങ്കരിക്കുന്ന ചിലർ.

എവിടെ ദൈവങ്ങൾ? അതാണ്, അവരുടെ ചോദ്യം.

സ്വയം രക്ഷയില്ലാത്ത ദൈവങ്ങൾ, എങ്ങിനെ നമ്മെ രക്ഷിക്കാൻ?
എന്ന് പുച്ഛിക്കുന്നവരുണ്ട്!

അവരോട് പറയാൻ ഒന്നേയുള്ളൂ.

ഈ പ്രകൃതിയാണ് ദൈവം

ഭൂമി
ജലം
അഗ്നി
വായു
ആകാശം

ഈ പഞ്ചഭൂതങ്ങൾ ആണ്, ദൈവങ്ങൾ. അതിനെയാണ്, പണ്ടു മുതൽ നമ്മൾ ആരാധിച്ചിരുന്നത്. അവയെ ബഹുമാനിക്കാനും, സംരക്ഷിക്കാനും  തന്നെയാണ്, പൂർവികർ ദൈവം എന്നു വിളിച്ചത്.

അഹം ബ്രഹ്മാസ്മി

അത് നീതന്നെ ആകുന്നു,
എന്നും പഠിപ്പിച്ചത്.

ഇന്ന് നമ്മളിലെ ദൈവാംശം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ, നമ്മൾ പ്രകൃതിയെ വെല്ലുവിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മൾ അവയോടു ചെയ്ത ധിക്കാരങ്ങൾക്കും, ക്രൂരതക്കും, ഉള്ള തിരിച്ചടിയാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്.

അപ്പോൾ, തെറ്റ് ചെയ്യാത്തവരും അനുഭവിക്കുന്നില്ലേ എന്ന് ചോദ്യമുയരാം. ഉണ്ട്, ആ തെറ്റു ചെയ്യാത്തവർ അനുഭവിക്കുന്നതിന്റെ ഉത്തരവാദിത്വവും തെറ്റു ചെയ്തവർക്കുണ്ട്.

കണക്കുകൾ അവസാനിച്ചു, എന്ന് ആരും കരുതേണ്ട

പ്രകൃതിക്ക്, എല്ലാത്തിനും കൃത്യമായ കണക്കുണ്ട്. പ്രാചീന കാലം മുതൽ നമ്മൾ ആരാധിച്ചു പോന്ന ഈ പഞ്ച ഭൂതങ്ങളിൽ ഒന്ന് മാത്രം, ചെറുതായി  ഒന്നിടഞ്ഞപ്പോൾ, ഉള്ള അവസ്ഥയാണ് ഇത്.

ബാക്കി കൂടെ ഇടഞ്ഞാൽ, പിന്നെ പറയേണ്ടല്ലോ!

ദൈവം എന്താണ് രക്ഷിക്കാത്തത്?
എന്ന് ചോദിക്കുന്ന ശാസ്ത്രവാദികളോടും, യുക്തിവാദികളോടും, ഒരു ചോദ്യം.

ശാസ്ത്രം ഒരുപാട് വളർന്നില്ലേ? എന്തേ ശാസ്ത്രം രക്ഷിക്കാഞ്ഞത്?

എന്തെ ആവശ്യം കഴിഞ്ഞപ്പോൾ, ആ മഴയങ്ങു നിർത്താൻ ശാസ്ത്രത്തിന് കഴിയാതിരുന്നത്?

മഴ ആവശ്യമുള്ളിടത്ത്, അത് പെയ്യിക്കാതിരുന്നത്? 

എന്തേ ആ ജീവനുകൾ രക്ഷിക്കാതിരുന്നത്?

അവരുടെ സമ്പാദ്യങ്ങൾ സംരക്ഷിക്കാതിരുന്നത്?

ഇത്രേയുള്ളൂ കാരണം, 

ഒന്നും നമ്മുടെ നിയന്ത്രണത്തിൽ അല്ല.

ശാസ്ത്രത്തിന് പരിമിതികളുണ്ട്. അതിനതീതമായ കാര്യങ്ങൾ ഉണ്ട്. ശാസ്ത്രത്തിന് അതീതമാണ് ഈ പഞ്ചഭൂതങ്ങൾ.

പ്രകൃതി

നമ്മെ സംരക്ഷിക്കുന്നത്  ഈ  പ്രകൃതിയാണ്,  അത് സംരക്ഷിക്കപ്പെടുകയും അതിനെ ബഹുമാനിക്കുകയും തന്നെ വേണം. സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോൾ, പ്രകൃതി അസ്വസ്ഥമാവും. അതാണ് നമ്മൾ കാണുന്നത്. അനുഭവിക്കുന്നത്.

കിടപ്പാടത്തിനോ, ജീവിക്കാനോ, വേണ്ടി പ്രകൃതിയെ ഉപയോഗിക്കുന്നവർക്ക് വിഷമം തോന്നേണ്ട. പ്രകൃതി, നമ്മളെപ്പോലെയുള്ള ജീവ ജാലങ്ങൾക്ക് ജീവിക്കാൻ തന്നെയുള്ളതാണ്. ആ അവകാശം, ചൂഷണമാവുമ്പോൾ ആണ്, പ്രകൃതി പ്രതികരിക്കുന്നത്, ദുരന്തങ്ങൾ ഉണ്ടാവുന്നത്.

അതുകൊണ്ട്, ഇനിയെങ്കിലും, പ്രകൃതിയെ

ബഹുമാനിക്കുക,
വിശ്വസിക്കുക,
സംരക്ഷിക്കുക,
പരിപാലിക്കുക.

ഇനിയെങ്കിലും, വരാൻ പോകുന്ന ദുരന്തങ്ങൾ, അങ്ങനെ വഴിമാറട്ടെ!

|| ഓം തത് സദ് ||

കടപ്പാട്  : വാട്സാപ്പ്

Post a Comment

0 Comments