കുട്ടിക്കാലം മുതലേ തന്നെ ഉദ്ധവർ ശ്രീ കൃഷ്ണനോടൊപ്പമാണ് വളർന്നത്. ശ്രീ കൃഷ്ണന് വേണ്ടി തേരോടിച്ചും, ശ്രീ കൃഷ്ണനെ പലവിധത്തിലും സേവിച്ചുമാണ് ഉദ്ധവർ ജീവിച്ചത്. ഈ കാലമൊന്നും ഉദ്ധവർ സ്വന്തമായി ഒരു ആഗ്രഹമോ, വരമോ ശ്രീ കൃഷ്ണനോട് ചോദിച്ചിരുന്നില്ല.
മഹാഭാരത യുദ്ധം കഴിഞ്ഞിട്ട് അനേകം സംവത്സരങ്ങൾ പിന്നിട്ടു. ശ്രീ കൃഷ്ണന്റെ അവതാര പൂർത്തീകരണത്തിനു സമയമായി.
ആ സമയത്തു ശ്രീ കൃഷ്ണൻ ഉദ്ധവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു.
"പ്രിയപ്പെട്ട ഉദ്ധവാ, എന്റെ ഈ അവതാര കാലത്ത്, വളരെ അധികം ആളുകൾ എന്നോട് പല വരങ്ങളും ചോദിച്ചു വാങ്ങിയിട്ടുണ്ട്. എന്നാൽ അങ്ങാകട്ടെ ഇതുവരെ ഒരു ആഗ്രഹവും എന്നോട് പ്രകടിപ്പിച്ചിട്ടില്ല.
അങ്ങേക്ക് എന്താവശ്യമുണ്ടെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം. ഞാൻ അത് സസന്തോഷം സാധിച്ചു തരും.
അങ്ങേക്കുകൂടി ഒരു നല്ല കാര്യം ചെയ്തു തന്ന സംതൃപ്തിയോടെ ഞാൻ ഈ അവതാര നാടകം പൂർത്തിയാക്കട്ടെ."
ഉദ്ധവർ ഇതുവരെ ഒന്നും ശ്രീ കൃഷ്ണനോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, അദ്ദേഹം കുട്ടിക്കാലം മുതൽ തന്നെ ശ്രീ കൃഷ്ണന്റെ പ്രകൃതിയും പെരുമാറ്റവും അടുത്ത് കണ്ടറിയുന്നുണ്ടായിരുന്നു.
ഇക്കാലമത്രയും, ശ്രീ കൃഷ്ണന്റെ ഉപദേശങ്ങളും പ്രവർത്തിയും തമ്മിൽ ഒരു പൊരുത്തമില്ലായ്മ അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ടു തന്നെ അതിനെപ്പറ്റി ശ്രീ കൃഷ്ണനോട് ചോദിക്കണമെന്ന് ചിന്തിക്കുകയും ചെയ്തിരുന്നു.
ഏതാഗ്രഹവും അറിയിക്കാൻ ശ്രീ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ, ഇതൊരു അവസാന അവസരമായിക്കണ്ടു ഉദ്ധവർ കൃഷ്ണനോട് ചോദിച്ചു.
"പ്രഭോ, അങ്ങ് എല്ലായിപ്പോഴും ഞങ്ങളെ ധർമ്മത്തെ മുൻനിറുത്തി ജീവിക്കാൻ ഉദ്‌ബോധിപ്പിച്ചു. എന്നാൽ അതിനെല്ലാം വ്യത്യസ്തമായി അങ്ങ് മറ്റൊരു പ്രകാരമാണ് ജീവിച്ചത്.
മഹാഭാരതമെന്ന മായാ നാടകത്തിൽ അങ്ങയുടെ പങ്കും, അങ്ങയുടെ പ്രവൃത്തിയും ഒന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അങ്ങയുടെ പല പ്രവർത്തികളുടെയും കാരണം അറിയണമെന്ന് എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. അങ്ങ് എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ?"
ഉദ്ധവരുടെ ചോദ്യത്തിന് ശ്രീ കൃഷ്ണൻ ഇങ്ങനെ മറുപടി പറഞ്ഞു.
"ഉദ്ധവാ, കുരുക്ഷേത്ര യുദ്ധഭൂമിയിൽ വച്ച് ഞാൻ അര്ജുനന് നൽകിയ ഉപദേശങ്ങൾ ഭഗവത് ഗീത എന്ന് അറിയപ്പെടും.
അതുപോലെ ഇന്ന് അങ്ങയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇപ്പോൾ ഞാൻ പറയുന്ന വരികൾ ഉദ്ധവ ഗീത എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടും.
ഈ കാരണം കൊണ്ടുതന്നെയാണ് ഞാൻ അങ്ങേക്ക് ഈ അവസരം തരുന്നത്. യാതൊരു മടിയും കൂടാതെ ചോദ്യങ്ങൾ ചോദിച്ചുകൊള്ളുക."
0 Comments