ശ്രീ കൃഷ്ണന്റെ മറുപടി കേട്ട് ഉദ്ധവർ ഇപ്രകാരം തന്റെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.
"കൃഷ്ണാ, ആരാണ് യഥാർത്ഥ സുഹൃത്ത്?"
മറുപടിയായി ശ്രീ കൃഷ്ണൻ ഇപ്രകാരം പറഞ്ഞു.
"സഹായത്തിന് ആവശ്യപ്പെടാതെതന്നെ സഹായം നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്."
ഉദ്ധവർ: "കൃഷ്ണാ, അങ്ങ് പാണ്ഡവരുടെ അടുത്ത സുഹൃത്തായിരുന്നുവല്ലോ.
അവർ അങ്ങയെ തങ്ങളുടെ ആപൽ ബാന്ധവനായി (ആപത്തിൽ സഹായിക്കുന്നവനായി) കരുതിയതാണല്ലോ.
അങ്ങേക്കാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നും, ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്നും അറിയാൻ കഴിവുണ്ടല്ലോ. അവിടുന്ന് ജ്ഞാനികളിൽ ജ്ഞാനിയുമാണ്.
ആരാണ് യഥാർത്ഥ സുഹൃത്ത് എന്ന് അങ്ങുതന്നെ ഇപ്പോൾ പറഞ്ഞും കഴിഞ്ഞു.
അങ്ങനെയാണെങ്കിൽ, അങ്ങ് എന്തുകൊണ്ട് ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ പ്രവർത്തിച്ചില്ല?
എന്തുകൊണ്ട് അങ്ങ് ധർമ്മപുത്രരെ (യുധിഷ്ഠിരനെ) ചൂതുകളിയിൽ നിന്നും പിന്തിരിപ്പിച്ചില്ല?
അതുപോട്ടെ, അങ്ങ് അത് ചെയ്തില്ല.
അതുകഴിഞ്ഞ് അങ്ങ് വിചാരിച്ചിരുന്നെങ്കിൽ ചൂതുകളിയിലെ പകിട യുധിഷ്ഠിരന് അനുകൂലമാക്കി മറിക്കാമായിരുന്നു. അങ്ങനെ ധർമ്മം ജയിക്കുമെന്ന് അങ്ങേക്ക് ഉറപ്പാക്കാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.
അതുo കഴിഞ്ഞ്, ധർമ്മപുത്രർ ചൂതിൽ പരാജയപ്പെട്ട് തന്റെ സമ്പത്തും, രാജ്യവും, തന്നെ തന്നെയും നഷ്ടപ്പെട്ടപ്പോഴെങ്കിലും അങ്ങേക്ക് ഈ ചൂതുകളി നിർത്താനായി ഇടപെടാമായിരുന്നു. അങ്ങനെ ഈ കളിയുടെ ആപത്തിൽ നിന്നും അയാളെ അങ്ങേക്ക് രക്ഷിക്കാമായിരുന്നു.
ചൂതുകളി നടക്കുന്ന രാജസഭയുടെ വെളിയിൽ കാത്തുനിന്ന അങ്ങേക്ക്, ധർമ്മപുത്രർ സ്വന്തം സഹോദരങ്ങളെ പണയം വയ്ക്കാൻ തുടങ്ങുന്ന സമയത്തെങ്കിലും അകത്തു പ്രവേശിച്ചു അയാളെ തടയാമായിരുന്നു. അങ്ങ് അതും ചെയ്തില്ല.
ഏറ്റവും അവസാനം, നീചനായ ദുര്യോധനൻ, ദ്രൗപദിയെ ( എല്ലായ്പ്പോഴും , പാണ്ഡവാന്മാർക്കു ഭാഗ്യം മാത്രം സമ്മാനിച്ച ആ ദ്രൗപദിയെ ) വാതുവയ്ച്ചു ജയിച്ചാൽ, ഇതുവരെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കാം എന്ന് ധർമ്മപുത്രരെ പ്രലോഭിപ്പിച്ചപ്പോൾ, അപ്പോഴെങ്കിലും അങ്ങേക്ക് അങ്ങയുടെ ദിവ്യശക്തി ഉപയോഗിച്ച് പകിടയെ ധർമ്മപുത്രർക്ക് അനുകൂലമായി മറിച്ചിടാമായിരുന്നു.
അങ്ങ് അതും ചെയ്തില്ല. പകരം, അങ്ങ് വീണ്ടും കാത്തിരുന്നു.
ഒടുവിൽ, രാജസഭയിൽ വച്ച് ദ്രൗപദിയുടെ അഭിമാനം നശിച്ചുപോകും എന്നഘട്ടം വന്നപ്പോൾ, ദ്രൗപദിക്കു വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചു എന്ന അവകാശവാദമുന്നയിക്കാൻ മാത്രം, അങ്ങ് ഇടപെട്ടു.
അങ്ങേക്ക് എങ്ങനെ ദ്രൗപദിയുടെ അഭിമാനം സംരക്ഷിച്ചു എന്ന് അവകാശപ്പെടാനാകും? അവളെ ഒരു പുരുഷൻ രാജസഭയിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്ന് അനേകം ആൾക്കാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ആ സ്ത്രീക്ക് എന്ത് അഭിമാനമാണ് ബാക്കിയുണ്ടാകുക?
അങ്ങ് എന്താണ് സംരക്ഷിച്ചത്?
അങ്ങ് ഒരാളെ ആപത്തിൽ നിന്ന് സംരക്ഷിക്കുമ്പോളല്ലേ, അങ്ങയെ ആപൽ ബാന്ധവൻ എന്ന് വിളിക്കേണ്ടത്?
ആപത്തുണ്ടായപ്പോൾ അങ്ങയുടെ സഹായം ലഭിച്ചില്ലെങ്കിൽ പിന്നെ എന്ത് പ്രയോജനം? ഇതാണോ അങ്ങ് അനുശാസിക്കുന്ന ധർമ്മം?"
കഠിനമായ ഈ ചോദ്യങ്ങൾ ശ്രീ കൃഷ്ണനോട് ചോദിക്കുമ്പോൾ കൃഷ്ണന്റെ ഉത്തമഭക്തനായ ഉദ്ധവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഉദ്ധവരുടെ മനസ്സിൽ മാത്രമല്ല ഈ ചോദ്യങ്ങൾ ഉണ്ടായിട്ടുള്ളത്. മഹാഭാരത കഥ അറിയുന്ന എല്ലാവരുടേയും ഉള്ളിലുണ്ടായിട്ടുള്ളതാണ് ഈചോദ്യങ്ങൾ.
നമുക്കെല്ലാവർക്കും വേണ്ടിയാണ് ഉദ്ധവർ ഈ ചോദ്യങ്ങൾ കൃഷ്ണനോട് ചോദിച്ചത്.
കടപ്പാട് : വാട്സാപ്പ്
0 Comments