വാമനാവതാരം

വാമനാവതാരം

വാമനൻ പറഞ്ഞു; "മനുഷ്യനെ ഒരാറടിമണ്ണിന്റെ ജന്മിയെന്നൊക്കെയല്ലേ പറയാറുള്ളത്? എന്റെ ഇപ്പോഴത്തെ പ്രായം വെച്ചുനോക്കിയാൽ, കൂടിയാൽ ഒരു മൂന്നടി. അതിനപ്പുറം ആവശ്യമില്ല. അതുകൊണ്ട് ഒരു മൂന്നടി മണ്ണായ്ക്കോട്ടെ. എന്റെ ഈ തടി എവിടെയെങ്കിലും ഒന്നിടണമല്ലോ. കുഴിച്ചിടുകയായാലും ചിതയിൽ ദഹിപ്പിക്കുകയായാലും കുറച്ചുനാൾ കഴിഞ്ഞാണെങ്കിൽ ചിലപ്പോൾ ആറടി വേണ്ടിവരാം. അപ്പോൾ അത്രയും ആവാം. ഇപ്പോൾ ഏതായാലും ഇതുമതി" ഇതെന്ത് എന്നെ കളിയാക്കുകയാണോ എന്ന ഭാവം മഹാബലിക്ക്. "അങ്ങിനെയൊന്നുമല്ല. ആവശ്യമില്ലാത്ത സാധനങ്ങളെന്തിനാ ഇരന്നു ചോദിക്കുന്നത്?" കൃഷ്ണാവതാരത്തിൽപോലും ഭഗവാൻ ഇരന്നു വാങ്ങിയിട്ടില്ല. അതിഷ്ടമല്ല. പാലും വെണ്ണയുമൊക്കെ ഭക്തന്മാരിൽനിന്ന് തട്ടിപ്പറിച്ചുവാങ്ങിയ്ക്കലാണ്. ഇത്തിരിയെന്തെങ്കിലും കുസൃതിയുമുണ്ടായാലേ ഭഗവാന് രസമുള്ളൂ.


നമ്മുടെ ആഗ്രഹങ്ങളുടെ ലിസ്റ്റ് ഭഗവാനു കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. 'എന്റെ മകന്റെ ഉദ്യോഗം ശരിയാക്കണം,ട്ട്വോ ഗുരുവായൂരപ്പാ! എന്റെ മകളുടെ കല്യാണാലോചനയുണ്ട്, നല്ല ഒരു കേസ് വന്നിട്ടുണ്ട്. അതുതന്നെ എങ്ങിനെയെങ്കിലും നടത്തിത്തരണേ. അവിടുന്നുതന്നെ അത് അയാൾക്കും ഇഷ്ടമാക്കണേ!' നമുക്ക് ഭഗവാനെ അത്ര വിശ്വാസമുള്ളതുകൊണ്ടാണല്ലോ എല്ലാ കാര്യങ്ങളും ഏൽപിയ്ക്കുന്നത്. വേറെ, നാട്ടിലെ വിവാഹദല്ലാളന്മാരെ ഏൽപിച്ചാൽ അത്ര ഭംഗിയാവുംന്ന് വിശ്വാസമില്ലാത്തതിനാൽ നമ്മുടെ ആവശ്യങ്ങൾ ഗുരുവായൂരപ്പനോട് തുറന്നുപറയുന്നു. ഭഗവാനോടുള്ള ഭക്ത്യാവേശം കൊണ്ടാണെങ്കിൽ തരക്കേടില്ല. നേരേമറിച്ച്, "ഭഗവാൻ ഇതൊക്കെ നടത്തിത്തരണം, എനിയ്ക്കിത്തിരി ധൃതിയുണ്ട്. ന്നാ പിന്നെ കാണാം,ട്ടോ, ബൈ, ബൈ!" എന്ന് മഞ്ജുളാലിന്റെ അരികിലേക്ക് കാറിൽ വന്ന്പറഞ്ഞ്, അതിൽ കയറി ഉടൻ ഓടിപ്പോരിക. അങ്ങിനെയല്ല, ഉറച്ച വിശ്വാസത്തോടെ നമ്മുടെ മനസ്സിലെ എന്ത് പ്രയാസങ്ങളും തിരുമുൻപിൽ സമർപ്പിക്കുക. എങ്ങിനെ ആയാലാണ് നേരെയാവുക, അതുപോലെ അവിടുന്ന് അടിയനെ അനുഗ്രഹിക്കണേ എന്നൊരു സമീപനമാണ് ഭഗവാനോട് വേണ്ടത്.


"ഏതായാലും ഉണ്ണിക്ക് മൂന്നടി മണ്ണെങ്കിൽ അങ്ങിനെതന്നെ. അല്ലാതെ ഞാനിപ്പോൾ എന്താ ചെയ്യ്യാ! വരൂ, ഇരിക്കൂ അവിടെ. വിന്ധ്യാവലിയും ഇരിക്കൂ ഇവിടെ." വിളക്കൊക്കെ കൊളുത്തിവെച്ചു. ഗണപതിപൂജയൊക്കെ കഴിഞ്ഞു. പൂവും, വെള്ളവും, ചന്ദനവും കൂടി എടുത്ത് മന്ത്രം ചൊല്ലിക്കൊണ്ടുവേണം ദാനം. മന്ത്രം അവനവന് അറിയാവുന്നതാണെങ്കിൽപോലും, ഇത്തരം കർമാനുഷ്ഠാനവേളകളിൽ ഗുരുമുഖത്തുനിന്ന് കേട്ട് ഗുരുനാഥന്റെ അനുഗ്രഹത്തോടുകൂടി വേണം ചൊല്ലാൻ. ഇദ്ദേഹം ഇത്ര വലിയ പദവിയിലെത്തിയത് രണ്ട് ഗുരുനാഥന്മാരുടെ അനുഗ്രഹംകൊണ്ടാണ്. നാരദരും ശുക്രാചാര്യരും ചേർന്നാണ് എല്ലാം നഷ്ടപ്പെട്ടുപോയ ഇദ്ദേഹത്തിനെ - മരിച്ചുപോയ മഹാബലിയുടെ ശരീരത്തിന്റെ ഓരോരോ അവയവങ്ങൾ കൂട്ടി എടുത്തുകൊണ്ടുവന്ന് - ഇങ്ങിനെ ഒരു മഹാത്മാവായി വളർത്തിയത്

Post a Comment

0 Comments