കടുത്തുരുത്തി തളി മഹാദേവക്ഷേത്രം

കടുത്തുരുത്തി തളി മഹാദേവക്ഷേത്രം

കോട്ടയം കടുത്തുരുത്തി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കടുത്തുരുത്തി തളി മഹാദേവക്ഷേത്രം. പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം കടുത്തുരുത്തി ഗ്രാമത്തിന്റെ ദേശനാഥാനായി കരുതിപോരുന്നു. ഖരമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട മൂന്നു ശിവലിംഗങ്ങളില്‍ രണ്ടാമത്തേത് ഇവിടെയാണ്. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് പുണ്യമാണന്നു കരുതിപോരുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന നാലു തളിക്ഷേത്രങ്ങളില്‍ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂര്‍, തളികോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം.



കടുത്തുരുത്തി മതില്‍ക്കകം ഐതിഹ്യങ്ങളിലുമുറങ്ങുന്ന കഥകളാല്‍ മുഖരിതമാണ്. പലതും വര്‍ഷങ്ങളായി നാവുകളിലൂടെ പകര്‍ന്നുവന്നവയും, രേഖപ്പെടുത്താന്‍ വിട്ടുപോയവയുമാണ്. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ശിവക്ഷേത്രങ്ങള്‍ മൂന്നു ശിവക്ഷേത്രങ്ങളും തമ്മില്‍ ഒരേ അകലം. അതിനു പിന്നിലുമുണ്ട് ഒരു ഐതിഹ്യം. ത്രേതായുഗത്തില്‍ മാല്യവാന്‍ എന്ന രാക്ഷസതപസ്വിയില്‍ നിന്നു ശൈവവിദ്യോപദേശം നേടിയ ഖരന്‍ എന്ന അസുരന്‍ ചിദംബരത്തില്‍ ചെന്ന് കഠിനതപസ്സു തുടങ്ങി. സന്തുഷ്ടനായ നാഥന്‍ ആവശ്യമായ വരങ്ങള്‍ നല്‍കി അനുഗ്രഹിച്ചു, അതിനൊപ്പം ശ്രേഷ്ഠങ്ങളായ മൂന്നു ശിവലിംഗങ്ങളും നല്‍കി.
ഈ മൂന്നു ശിവലിംഗങ്ങളുമായി ഖരന്‍ യാത്രയാരംഭിച്ചു. ഇടയ്ക്ക് ശിവലിംഗങ്ങള്‍ ഭൂമിയില്‍ വച്ച് വിശ്രമിച്ച ഖരന് പിന്നീടത് അവിടെ നിന്ന് ഇളക്കാന്‍ സാധിച്ചില്ല. മഹാതപസ്വിയായ വ്യാഘ്രപാദമഹര്‍ഷിയെ കണ്ടപ്പോള്‍ ശിവലിംഗങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച് ഖരന്‍ മോക്ഷം നേടി. അന്ന് വലതു കൈകൊണ്ട് വച്ച ശിവലിംഗമാണ് ഇന്ന് വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ഠ. കഴുത്തില്‍ ഇറുക്കി വച്ചിരുന്നത് കടുത്തുരുത്തിയിലും ഇടതു കയ്യിലേത് ഏറ്റുമാനൂരിലും ഇന്നു പൂജിച്ചാരാധിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തിയാല്‍ കൈലാസത്തില്‍ പോയി ശിവദര്‍ശനം നടത്തിയതിനു തുല്യമാണെന്നാണു വിശ്വാസം.

ചേരസാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം പതിനെട്ടു നാട്ടുരാജ്യങ്ങളായി ഖണ്ഡിക്കപ്പെട്ടു. അതിലൊന്നായിരുന്നു വെമ്പൊലിനാട്. ആദ്യം വിംബലന്മാരുടെ (പാണ്ഡ്യന്മാര്‍) ആധിപത്യത്തിന്‍ കീഴിലായിരുന്നതിനാലാണ് നാട്ടുരാജ്യത്തിന് വെമ്പൊലിനാട് എന്ന പേരു സിദ്ധിച്ചത്. ഈ പ്രദേശത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കിടക്കുന്ന കായലിന് വേമ്പനാട്ടുകായല്‍ എന്ന പേരുണ്ടാകാനും കാരണമിതാണ് എന്നുകരുതുന്നു. എ.ഡി. 1100ല്‍ വെമ്പൊലിനാട് തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നു രണ്ടായി ഭിന്നിച്ചു. ഏറ്റുമാനൂരും, വൈക്കവും, മീനച്ചില്‍ താലൂക്കിന്റെ ഒരു ഭാഗവും ഉള്‍പ്പെടുന്ന പ്രദേശമായിരുന്നു വടക്കുംകൂര്‍ രാജ്യം. ഈ രാജ്യത്തിന്റെ തലസ്ഥാനം ആദ്യം കടുത്തുരുത്തിയും പിന്നീടു വൈക്കവുമായിരുന്നു. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം, മീനച്ചില്‍ താലൂക്കിന്റെ ഒരു ഭാഗം ഹൈറേഞ്ച് ഇവ തെക്കുംകൂര്‍ രാജ്യത്തിലായിരുന്നു. തെക്കുകൂറിന്റെ തലസ്ഥാനം ചങ്ങനാശ്ശേരിയും, തളിക്കോട്ടയും, മണികണ്ഠപുരവും ആയിരുന്നു. പിന്നീട് തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ വടക്കുംകൂര്‍ ആക്രമിച്ച് കീഴടക്കുകയും ഈ പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമാക്കുകയും ഉണ്ടായി. അന്നുമുതല്‍ തിരുവിതാംകൂര്‍ രാജഭരണത്തിലായിരുന്നു ഈ ക്ഷേത്രം. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുമായിമാറി.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കടുത്തുരുത്തിഗ്രാമത്തിനെക്കുറിച്ചും അവിടുത്തെ ദേശനാഥനെക്കുറിച്ചും പല പുരാണേതിഹാസങ്ങളിലും പരാമര്‍ശിച്ചുകാണുന്നുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിലെ നായിക ഉണ്ണുനീലി ജീവിച്ചിരുന്ന വീരമാണിക്യത്ത് തറവാട് കടുത്തുരുത്തിയിലാണ് സ്ഥിതി ചെയ്തിരുന്നത്. ഉണ്ണുനീലി സന്ദേശത്തില്‍ പല മഹാക്ഷേത്രങ്ങളേക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. അതില്‍ അവസാനഭാഗത്തു പ്രതിപാദിക്കുന്ന ക്ഷേത്രം ഇവിടുത്തെ തളി ശിവക്ഷേത്രമാണ്.

കടുത്തുരുത്തിയില്‍ പ്രധാന മൂര്‍ത്തി ശിവനാണ്. ചതുരാകൃതിയില്‍ രണ്ടുതട്ടിലായി പണിതീര്‍ത്തിരിക്കുന്ന ശ്രീകോവിലാണ് ഇവിടുത്തേത്. കിഴക്കോട്ടു ദര്‍ശനം. അഞ്ചു പൂജയും മൂന്നു ശീവേലിയും നിത്യേന പതിവുണ്ട്. വളരെ വിസ്താരമുള്ള ക്ഷേത്രമതില്‍ക്കകം, കരിങ്കല്‍പാകിയ പ്രദക്ഷിണവഴി, കിഴക്കേ നടയിലെ ആനക്കൊട്ടില്‍, വലിപ്പമേറിയ നാല്‍മ്പലം, ബലിക്കല്‍പ്പുര, എല്ലാം മഹാക്ഷേത്രത്തിനു ഉതകും വണ്ണം നിര്‍മ്മിച്ചിരിക്കുന്നു.തളിയില്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം ധനുമാസത്തിലെ തിരുവാതിര നക്ഷത്രം ആറാട്ട് വരത്തക്കവണ്ണം പത്തുനാള്‍ ആഘോഷിക്കുന്നു. തളിലപ്പന്റെ ആറാട്ട് നടക്കുന്നത് ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ്. ആറാട്ട് കഴിഞ്ഞ് ഭഗവാന്റെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെഴുന്നള്ളുമ്പോള്‍ ക്ഷേത്രാങ്കണത്തില്‍ തിരുവാതിരകളി അരങ്ങേറാറുണ്ട്. അന്നേ ദിവസമാണ് ധനുമാസത്തിലെ പൂത്തിരുവാതിര.

വെളുപ്പിന്
4:30 ന് പള്ളിയുണര്‍ത്തല്‍
5:00 മണിക്ക് നടതുറപ്പ്, നിര്‍മ്മാല്യദര്‍ശനം
6:00 ന് ഉഷഃപൂജ
7:00 ന് എതൃത്തപൂജ
7:30 ന് എതൃത്ത ശ്രീബലി
8:30 ന് പന്തീരടി പൂജ
10:00 ന് ഉച്ചപൂജ
11:30 ന് ഉച്ച ശ്രീബലി

വൈകുന്നേരം
5:00 ന് നടതുറപ്പ്
6:30 ന് ദീപാരാധന
7:00 ന് അത്താഴ പൂജ, ശ്രീബലി.

കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലെ തന്ത്രം മനയത്താറ്റ് ഇല്ലത്തിനു നിക്ഷിപ്തമാണ്.

ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ കടുത്തുരുത്തി ജംഗ്ഷനിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേ ക്ഷേത്രഗോപുരം റോഡില്‍ നിന്നുംതന്നെ കാണാന്‍ സാധിക്കും

Post a Comment

0 Comments