കൃഷ്ണനിലേക്കു മടങ്ങിയ കണ്ണന്റെ രാധ

ശ്രീരാധയെ കുറിച്ച് പറയാൻ തുടങ്ങുമ്പോൾ തന്നെ അവിടെ ഭഗവാൻറെ സാന്നിധ്യം ഉണ്ടാകും.രാധാകൃഷ്ണ പ്രണയത്തിന്റെ അദൃശ്യശക്തി ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ളത്...ഗോപികമാരും യമുനാനദിയുമാണ്..വൃന്ദാവനലീലയിൽ ചിരപ്രതിഷ്ഠ ആർജിച്ച രാധ പക്ഷെ ഭാഗവതത്തിൽ അപ്രത്യക്ഷയാണ്🙏
ഭഗവാൻ മഹാവിഷ്ണുവിന്റെ വക്ഷസ്ഥലത്തു വസിക്കുന്ന ലക്ഷ്മീദേവിയാണ് ,ഗോലോകത്തിൽ  ശ്രീകൃഷ്ണനോടൊപ്പം വസിക്കുന്ന രാധാദേവി എന്ന് മനസിലാക്കാം.
രാധാറാണി  ഭൂമിയിൽ അവതരിച്ചത് വൃന്ദാവനത്തിന് സമീപമുള്ള പഴയ ബർസാന അഥവാ റാവൽ എന്ന സ്ഥലത്താണ്.വൃഷഭാനു എന്ന ഗോപാലനു കലാവതി എന്ന ഭാര്യയില്‍ ജനിച്ചവളാണ് രാധ എന്ന് ബ്രഹ്മവൈവർത്തപുരാണവും നാരദപുരാണവും പറയുന്നു.ജനിച്ചു ഒരു വർഷത്തിന് ശേഷം ആണ് രാധ കണ്ണുകൾ തുറന്നത്.എല്ലാവരും ഈ കുട്ടി അന്ധയാണ് എന്ന് വിധിയെഴുതി.എന്നാൽ യശോദയ്ക്ക് ഒരു ആൺകുട്ടി ജനിച്ചു എന്ന വാർത്ത ഒരു ദൂതൻ മുഖാന്തിരം അറിഞ്ഞ രാധയുടെ പിതാവ് ആ കുട്ടിയെ കാണാൻ ഭാര്യയോടൊപ്പം നന്ദ ഗൃഹത്തിലേക്കു പോയപ്പോൾ രാധയെയും കൂടെ കൂട്ടി.അന്നുവരെ  കണ്ണ് തുറക്കാത രാധ കണ്ണന്റെ ശയ്യാഗൃഹത്തിനടുത്തു എത്തിയപ്പോൾ ആദ്യമായി കണ്ണുതുറന്നു.അവൾ ആദ്യം കാണുന്നത് ശിശുവായ കണ്ണനെ ആണ്...ഭൂമിദേവിയുടെയും ബ്രഹ്മവിഷ്ണുമഹേശ്വരന്മാരുടെയും അപേക്ഷയനുസരിച്ചു പരിപൂർണ്ണതമനായ ശ്രീകൃഷ്ണന്റെ അവതാരസമയത്തു ഭൂമിയില്‍ ജന്മമെടുത്ത മൂലപ്രകൃതിയായ രാധയെന്ന് ഗർഗ്ഗസംഹിത പറയുന്നു.
പദ്മപുരാണം പാതാളഖണ്ഡത്തിൽ മൂലപ്രകൃതിയായ രാധയുടെ മാഹാത്മ്യം വർണ്ണിക്കുന്നുണ്ട് ..
കണ്ണന്‍, അക്രൂരനാല്‍ അനുഗതനായി മധുരയിലേക്ക് യാത്രയാകുമ്പോള്‍ ഗോപികമാര്‍ കണ്ണുനീരോടെ കണ്ണനെ  ഏറെ ദൂരം അനുഗമിച്ചു. എന്നാൽ രാധ വൃന്ദാവനം വിട്ടു പോയില്ല .... അവള്‍ക്കറിയാമായിരുന്നു കണ്ണന്‍ തന്നെ ഒരിക്കലും വിട്ടുപോകില്ലെന്ന്. എന്നാൽ ചുണ്ടോട് ചേർത്തുവെച്ചു നാദം പൊഴിക്കുന്ന ഭഗവാന്റെ ജീവാത്മാവായ ഓടക്കുഴൽ രാധയ്ക്ക് സമ്മാനിച്ചിട്ടാണ്  യാത്രയായത് ..
കംസ നിഗ്രഹത്തിനും ഗുരുകുലപഠനത്തിനും ശേഷം തിരിച്ചു വന്ന കണ്ണൻ സാഗരത്തോടു വാങ്ങിയ മനോഹരമായ ഭൂമിയിൽ ദ്വാരക എന്ന സ്വപ്നതുല്യമായ കൊട്ടാരം നിർമിച്ചു രാജ്യകാര്യങ്ങളിൽ ജേഷ്ഠനെ സഹായിച്ചും രുഗ്മിണി സത്യഭാമ എന്ന പത്നിമാരോടൊപ്പം കഴിയുന്ന നാളിൽ സന്തത സഹചാരിയുമായ  ഉദ്ധവര്‍ കൃഷ്ണനെ കാണാൻ എത്തി.കൃഷ്ണനോട് സംഭാഷണ മദ്ധ്യേ അദ്ദേഹം ചോദിച്ചു :

"കൃഷ്ണാ അങ്ങ് വൃന്ദാവനത്തില്‍ നിന്ന് പോന്നതിന് ശേഷം ഏറെ സ്നേഹിച്ചിരുന്ന ശ്രീരാധയേ കാണാന്‍ ഒരിക്കല്‍ പോലും തിരിച്ചു പോയില്ലല്ലോ ....അതോ രാധയെ അങ്ങ് പൂർണ്ണമായി മറന്നോ ?.
കണ്ണൻ അർദ്ധനിമീലിതമായ കണ്ണുകൾ ഉയർത്തി ഉദ്ധവരെ നോക്കി.എന്നിട്ട് എന്നെ സ്പർശിച്ചു കൊണ്ട് രാധയെവിടെ,എന്ന് ഒരു നിമിഷം ആലോചിക്കൂ ഉദ്ധവരെ എന്ന് പറഞ്ഞു.

ഉദ്ധവരുടെ കാഴ്ച്ചയിൽ അതാ ഭഗവാന്റെ മാറിടത്തിനുളളില്‍ രാധ!.യാത്രയാകുമ്പോള്‍ കൃഷ്ണന്‍ സമ്മാനിച്ച ഓടക്കുഴലുമായി യമുനയുടെതീരത്ത് നിര്‍വൃതിയിലിരിയ്ക്കുന്നു. യമുനയിലെ ഓളങ്ങള്‍ തന്റെ പാദങ്ങളിൽ അലടിക്കുന്നത് രാധ അറിയുന്നില്ല.രാധക്ക്‌ ചുറ്റും അനേകം രാധാകൃഷ്ണൻമാർ രാസകേളിയാടുന്നു.

ഒരു കൃഷ്ണൻ രാധയുടെ മുടിയിൽ പൂവ് ചൂടിക്കുന്നു,മറ്റൊരാൾ അവളുടെ കാലുകൾ മടിയിൽ വെച്ച് ചെമ്പകമരച്ചുവട്ടിലിരിക്കുന്നു,മറ്റൊരു കൃഷ്ണൻ രാധയോടൊപ്പം യമുനയിൽ നീരാടുന്നു, വേറൊരാൾ പിണങ്ങിയിരിക്കുന്ന രാധയെ അനുനയിപ്പിക്കുന്നു.ഉദ്ധവർ വിഭ്രമത്തിൽ അകപ്പെട്ടു.ഏതാണ് യഥാർത്ഥ കൃഷ്ണൻ.?!ഒരു നിമിഷം അദ്ദേഹം ഭഗവാന്റെ ശരീരത്തിൽ നിന്ന് കൈകൾ പിൻവലിച്ചു,അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.കണ്ണാ അങ്ങ് എവിടെ ആണ്,ഇവിടെയോ അവിടെയോ.?

എന്താ സംശയം ഉദ്ധവരെ, കണ്ണൻ അവിടെ ആണ്.. രാധയുടെ അടുത്ത്.എന്ത് കൊണ്ടെന്നാൽ എന്നെ എല്ലാവരും ആഗ്രഹിക്കുന്നു,എന്റെ സാമീപ്യം ആഗ്രഹിക്കുന്നു,അടുത്ത് ചെല്ലാൻ വിളിക്കുന്നു.എന്നാൽ എന്റെ രാധ മാത്രം ഉള്ളിലിരിക്കുന്ന എന്നെ എപ്പോഴും കാണുന്നു അറിയുന്നു.അകലെയാണെങ്കിലും ഞാൻ ആഹൃദയത്തിൽ തന്നെയാണെന്ന് ബോധ്യമുള്ള ഒരാളെ വീണ്ടും അടുത്തേക്ക് വിളിക്കേണ്ടത് എന്തിനാണ്.?
എങ്കിലും രാധവരും കണ്ണനെ തേടി.ദ്വാരകയിലെ അനേകം കണ്ണുകൾ അവളെ ഒരു നോക്ക് കാണാൻ കൊതിക്കുന്നുണ്ട്.!
കണ്ണന്റെ വാക്കുകൾ സത്യമായി.വർഷങ്ങൾ കടന്നു പോയി.ഭഗവാന്റെ സ്വർഗാരോഹണസമയത്തിനു കാലമായ ഒരു ദിവസം അവൾ വന്നു.ഉദ്ധവർ രാധയെ കൂട്ടികൊണ്ടു വന്നു.

സ്വർഗ്ഗലോകത്തെ നാണിപ്പിക്കുന്ന ദ്വാരകയുടെ വാതിലുകൾ  ആ സായന്തനത്തിൽ അനുവാദം ചോദിക്കാതെ രാധക്ക് മുൻപിൽ തുറക്കപ്പെട്ടു.വീഥികൾക്കിരുവശത്തും നിന്ന ചെമ്പകവും പുന്നാഗവും പതിവിൽ കൂടുതൽ പൂക്കൾ പൊഴിച്ച് വീഥിയെ  മനോഹരമാക്കിയിരുന്നു.ധാരയെന്ത്രങ്ങളിൽ നിന്ന് വമിച്ചുകൊണ്ടിരുന്ന ജലം പാൽനിറമായി. സന്ധ്യാപൂജക്കുള്ള മന്ത്രധ്വനികൾ അന്തരീക്ഷത്തെ ഭക്തി സാന്ദ്രമാക്കിക്കൊണ്ടിരുന്നു.ആർക്കോ വേണ്ടി കാത്ത് നിൽക്കും പോലെ സൂര്യൻ കുങ്കുമവർണ്ണമായി അസ്തമിക്കാൻ  മടിച്ചു നിന്നു.ദ്വാരകയുടെ വീഥിയിലൂടെ ഒരഗ്നിസ്പുലിംഗം കടന്നു പോകുന്നത് പോലെ പുരവാസികൾക്കു തോന്നി.രാധയെ ഒരു നോക്ക് കാണുവാൻ കാത്തിരുന്ന ഭഗവാന്റെ പത്നിമാർ രാധയുടെ സൗന്ദര്യത്തിനു മുൻപിൽ മതിമറന്നു.രുഗ്മിണിയും സത്യഭാമയും അവളെ സ്വീകരിക്കാൻ താല മെടുത്തിറങ്ങും മുൻപേ അവർ അത്ഭുതത്തോടെ ആ കാഴ്ച കണ്ടു ..!

ഒരു കൊടുംകാറ്റ് പോലെ വൃന്ദാവന കണ്ണൻ ...!
ഉത്തരീയം വഴിയിൽ വീണു പോയതറിയാതെ,പാദുകങ്ങൾ അണിയാതെ...! ഭഗവാന് സന്ധ്യാവന്ദനത്തിനുള്ള താലം ഏന്തി നിന്ന  മിത്രവിന്ദയുടെ കയ്യിലെ പൂപ്പാത്രം ദേഹത്ത് തട്ടി തെറിച്ചു പോയത് പോലും കാണാതെ..കുത്തു വിളക്കിൽ കൊണ്ട് ചോര പൊടിഞ്ഞതറിയാതെ.ദ്വാരകയുടെ അന്തഃപുരത്തിന്റെ പന്ത്രണ്ടു പടികൾ ഒരു നിമിഷം കൊണ്ട് താണ്ടി ശ്രീരാധയുടെ അടുത്തെത്തി പ്രാണ പ്രേയസ്സിയേ നെഞ്ചോടു ചേർക്കുന്ന സാക്ഷാൽ കൃഷ്ണ ഭഗവാനെ ..!

രാധേ രാധേ കൃഷ്ണ കൃഷ്ണ എന്ന് പൗര ജനങ്ങൾ ആർത്തു വിളിക്കുമ്പോൾ കണ്ണൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു.നീല നിറമാർന്ന കണ്ണന്റെ ശരീരത്തിൽ ഒരു കസവുത്തരീയം ചാർത്തിയത് പോലെ അതിമനോഹരമായിരുന്നു ആ കാഴ്ച.
രാധക്ക് ഉറങ്ങുന്നതിനു മുൻപ് ചൂടുപാൽ വേണം എന്ന് കണ്ണൻ എന്നോ പറഞ്ഞ അറിവ് വെച്ച് രുഗ്മിണി ചൂടുപാൽ കൊണ്ടുവന്നു.കണ്ണന്റെ കണ്ണുകളിൽ നോക്കി അവൻ പറയുന്നതൊന്നും തന്നിൽ നിന്ന് ചോർന്നു  പോകാതെ ഉള്ളിലേക്ക് ചേർത്ത് കൊണ്ടിരുന്ന രാധ,ഒട്ടും ശ്രദ്ധിക്കാതെ ആ ചൂടു പാൽ കുടിക്കുകയും രാധകുടിച്ച പാലിന്റെ ചൂടുകൊണ്ട് കണ്ണന്റെ കാല് ഒന്ന് പിടയുകയും ചെയ്തു.അപ്പോൾ രാധ കണ്ണന്റെ പാദങ്ങൾ പനീർ വിശറികൊണ്ട് വീശി.ഈ കാഴ്ച കണ്ടുകൊണ്ട് നിന്ന രുഗ്മിണിക്കു കണ്ണനും രാധയും രണ്ടല്ല ഒന്നാണ് എന്ന തത്വം മനസ്സിലായി.
എന്നാൽ രാധയെ ഒരു നോക്ക് കാണാൻ നിന്ന ദ്വാരകയിലെ പ്രജകൾ നിരാശരായി ..രാധ ശയിച്ചിരുന്ന അന്തഃ പുരം സൂന്യമായിരുന്നു..എന്നാൽ  ദ്വാരകയിൽ നിന്ന് കൃഷ്ണപ്രിയ പുറത്തേക്കു പോയതായി ആരും കണ്ടിട്ടില്ല ... രാധ  എങ്ങും പോയില്ല. അവള്‍ ദ്വാരകയില്‍ തന്നെ കൃഷ്ണ ശരീരത്തില്‍ അലിഞ്ഞു ചേര്‍ന്നു സായൂജ്യം അടഞ്ഞു. അധികം താമസിയാതെ ഭഗവാന്റെ സ്വർഗ്ഗാരോഹണവും നടന്നു ...ആശ്രയിക്കുന്ന ഭക്തരെ ഒരിക്കലും ഉപേക്ഷിക്കാത്ത കണ്ണൻ രാധയെ എങ്ങിനെ ഉപേക്ഷിക്കും ...കണ്ണൻ രാധയെ ഉപേക്ഷിച്ചു പോയി എന്ന് പറയുന്ന അനേകം പേരെ കാണാൻ കഴിയും ..എന്നാൽ രാധയില്ലെങ്കിൽ കൃഷ്ണനില്ല എന്ന് കണ്ണൻ തന്നെ ബ്രഹ്മവൈവർത്തക പുരാണത്തിൽ പറയുന്നത് ശ്രദ്ധിക്കൂ ...!
അല്ലയോ രാധേ ...നീ എനിക്ക് എന്റെ പ്രാണനേക്കാൾ പ്രിയപ്പെട്ട വിലാസിനിയാണ് ..നീയും ഞാനും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്നുള്ളത് നിശ്ചയം ....പാലിൽ വെളുപ്പുനിറം പോലെയും അഗ്നിയിൽ ദാഹക ശക്തിപോലെയും ഭൂമിയിൽ ഗന്ധം പോലെയും ഞാൻ നിന്നിൽ പിരിയാതെ എപ്പോഴും വർത്തിക്കുന്നു..
ഭക്തർ നമ്മളെ ഭേദബുദ്ധിയോടെ കാണുമ്പോൾ,നിന്നിൽനിന്നും എന്നെ വേർതിരിച്ചു കാണുമ്പോൾ ലോകർക്ക് ഞാൻ കൃഷ്ണൻ മാത്രം ..നിന്നോട് ചേരുമ്പോൾ ശ്രീകൃഷ്ണൻ പൂർണ്ണൻ..
ഭഗവാൻ തുടരുന്നു ....'രാ' ശബ്ദം എന്നെ ഉലക്കത്തക്കതാണ്...ആ മന്ത്രം ജപിച്ചവന് ഉത്തമ ഭക്തി ഞാൻ പ്രദാനം ചെയ്യും .. "ധാ"എന്ന് ചേർത്ത് ഉച്ചരിക്കുന്നവന്റെ പിന്നാലെ ഞാൻ ഓടിയെത്തും...കൃഷ്ണൻ എന്നും കേൾക്കാൻ കൊതിക്കുന്ന മന്ത്രമാണ് രാധാ മന്ത്രം ...കൃഷ്ണനെ സന്തോഷിപ്പിക്കുവാൻ രാധാമന്ത്രം പോലെ മഹത്തായ മറ്റൊരുമന്ത്രവുമില്ലത്രേ .... ...കൃഷ്ണനിൽ രാധയുടെ അഭാവവും ,രാധയിൽ കൃഷ്ണന്റെ അഭാവവും ഭാവന ചെയ്യാൻ കഴിയില്ല ..രാധയെ പൂജിച്ചാൽ കൃഷ്ണനെ പൂജിച്ച ഫലമാണ്..
ഇന്നും മധുരയിലും വൃന്ദാവനിലും ഗോവർദ്ധനിലും ഗോകുലത്തിലും മുഴങ്ങികേൾക്കുന്നത് കണ്ണന്റെ പ്രാണപ്രേയസ്സിയായ രാധാനാമം മാത്രമാണ്..പാർവതീ ദേവിക്ക് പരമശിവൻ ചൊല്ലിക്കൊടുത്ത ശ്രീരാധാസഹസ്രനാമം ഏകാദശിദിനങ്ങളിൽ ചൊല്ലുന്നത് ശ്രേയസ്സ്കരമാണ്..അതുപോലെ ഭാഗവതം  പാരായണം ചെയ്യുന്ന അറിവുള്ള ആചാര്യന്മാർ സ്വർഗ്ഗാരോഹണത്തിന് മുൻപ് ശ്രീരാധാ സഹസ്രനാമം ചൊല്ലിക്കേൾക്കാറുണ്ട്....രാധേ ...രാധേ .. ഗോവിന്ദ

Post a Comment

0 Comments