നരസിംഹ സ്തുതി


നരസിംഹാതാരം (അഹോബില പര്‍വതം-ആന്ധ്രപ്രദേശ്‌)

നരസിംഹ സ്തുതി

ഇതോ നൃസിംഹ:
പരതോ നൃസിംഹ:
യതോ യതോ യാമി തതോ
നൃസിംഹ:
ബഹിര്‍ നൃസിംഹോ ഹൃദയേ
നൃസിംഹോ
നൃസിംഹമാദിം ശരണംപ്രപദ്യേ

ഭഗവാന്‍ ശ്രീഹരി നരസിംഹമായി അവതരിച്ചതും ഹിരണ്യനെ വധിച്ചതും അഹോബില പര്‍വ്വതത്തിലാണ്. ആന്ധ്രാപ്രദേശിലെ കുര്‍ണൂര്‍ ജില്ലയില്‍ നന്ത്യാല്‍ താലുക്കിലുള്ള അഹോബലം മലനിരകളില്‍ വെച്ചാണ്‌ ഭഗവാന്‍ ശ്രീഹരി നരസിംഹാവതാരം പുണ്ടത്. അഹോബില എന്ന വാക്കിനര്‍ത്ഥം എന്തൊരുബലം എന്നു തന്നെ.
അഹോബിലത്തിലാണ് ഹിരണ്യകശിപുവിന്റെ് കൊട്ടാരവും കോട്ടയും. വൈശാഖ ശുക്ലപക്ഷത്തിലെ ചതുര്‍ദ്ദശി തിഥിയില്‍ ചോതിനക്ഷ്ത്രത്തില്‍ ശ്രീ ഹരി നരസിംഹമായി അവതരിച്ചത് ഇവിടെ ആണ്.

“ശ്രവണം കീര്ത്തനം വിഷ്ണോ
സ്മരണം പാദസേവനം,
അര്‍ച്ചനം വന്ദനം ദാസ്യം
സഖ്യമാത്മ നിവേദനം”

എന്നു ഭജിക്കുന്ന പ്രഹ്ലാദനോടു ശ്രീഹരി തുണിലും തുരുമ്പിലും ഉണ്ടോയെന്ന് ആക്രോശിച്ചുകൊണ്ടു ഹിരണ്യന്‍ ഉഗ്രസ്തംഭത്തില്‍ വാളുകൊണ്ടു വെട്ടിയപ്പോള്‍ സ്തംഭത്തില്‍ നിന്നും നരസിംഹം അലറിക്കൊണ്ടു പുറത്തുവന്നു. ആ നിമിഷത്തില്‍ പൊട്ടിത്തെറിച്ച പാറക്കല്ലുകള്‍ അഹോബിലത്തില്‍ ഒന്‍പതു സ്ഥലത്തായി വീണുവെന്നാണ് ഐതിഹ്യം. ഈ ഒന്‍പതു ശിലകളും വിവിധ ഭാവങ്ങളിലുള്ള നരസിംഹ വിഗ്രഹങ്ങളായി. ഈ ഒന്‍പതു ക്ഷേത്രങ്ങളും അഹോബിലക്ക് ചുറ്റുമായി അഞ്ചുകിലോമീറ്ററില്‍ സ്ഥതി ചെയുന്നുവെന്നത് അഹോബിലയുടെ മറ്റൊരു സവിശേഷതയാണ്. കൂടാതെ, എല്ലാംതന്നെ സ്വയംഭൂവായ ക്ഷേത്രങ്ങളെന്നത് മറ്റൊരു വിശേഷം.

അവ
(1) ഉഗ്രനരസിംഹം
(2) ഭാര്‍ഗ്ഗവ നരസിംഹം
(3) ഛത്രവട/ഛത്രവാത നരസിംഹം
(4) ജ്വാലനരസിംഹം
(5) കരഞ്ജ നരസിംഹം
(6) മാലോള/ല നരസിംഹം
(7) പാവന നരസിംഹം
(8) യോഗ നരസിംഹം
(9) പ്രഹ്ലാദ(വരദ) നരസിംഹം (അഹോബില നരസിംഹം)

108 ദിവ്യദേശങ്ങളിലോന്നായ അഹോബിലത്തെ നരസിംഹത്തെ തിരുമങ്കൈ ആള്‍വാര്‍ വാഴ്ത്തിപ്പാടിയ ശിങ്കവേല്‍ കുണ്റം ശ്രീ ലക്ഷ്മിനരസിംഹ സ്തോത്രത്തിലും പഞ്ചരാത്ര സ്തോത്രത്തിലും ആദിശങ്കരന്‍ അഹോബില നരസിംഹത്തെ സ്തുതിക്കുന്നു.
ശങ്കരാചാര്യരുടെ ശിഷ്യനും കേരളത്തിലെ ആലത്തിയൂര്‍ സ്വദേശിയുമായ പത്മപാദര്‍ അഹോബിലത്തെ ഒരു ഗുഹയില്‍ നരസിംഹത്തെ തപസ്സു ചെയ്തു, ദീര്‍ഘകാലം കഴിഞ്ഞിട്ടും ഫലമൊന്നും കണ്ടില്ല. ആയിടെ ഒരു വേടന്‍ വന്നു സ്വാമി എന്താണിവിടെ കണ്ണുംപൂട്ടി ഇരിക്കുന്നതെന്നാരാഞ്ഞു. “ഈ കാട്ടില്‍ പകുതി സിംഹവും പകുതി മനുഷ്യനും ആയ ഒരു വിചിത്രന്‍ ഉണ്ട്, അതിനെ പ്രത്യക്ഷപ്പെടുത്താന്‍ തപസ്സു ചെയുകയാണ്” എന്ന്‍ പത്മപാദര്‍ മറുപടി പറഞ്ഞു.

വേടന്‍ പോയി കുറച്ചു കഴിഞ്ഞു ഒരു കാട്ടുവള്ളിയാല്‍ വരിഞ്ഞുകെട്ടി നരസിംഹമൂര്ത്തിയെ കൊണ്ടുവന്ന്‌ പത്മപാദരുടെ മുന്നില്‍ നിര്ത്തിയിട്ടു "ഇതല്ലേ അങ്ങു ധ്യാനിക്കുന്ന ഭഗവാന്‍, കണ്ടോളു" എന്ന്‍ പറഞ്ഞു. അത്ഭുതപരതന്ത്രനായ പത്മപാദരോടു നരസിംഹമൂര്ത്തി അരുളിചെയ്തു വേടന്റെ നിഷ്കളങ്കമായ അനേഷണത്തില്‍ ഞാന്‍ സംപ്രിതനായി ഇവന് പ്രത്യക്ഷനായി.

അഹോബിലത്തില്‍ പണ്ട് ചെഞ്ചു എന്നുപേരുള്ള ഒരു വേടത്തി നരസിംഹമൂര്‍ത്തിയെ സ്നേഹിച്ചാരാധിച്ചിരുന്നു. ഭഗവാന്‍ ആ വേടത്തിയില്‍ സംപ്രിതനായി പ്രത്യക്ഷപ്പെട്ടു പരിണയിച്ചു. ചെഞ്ചു ലക്ഷ്മിദേവിയുടെ അവതാരം ആയിരുന്നുവല്ലോ, അങ്ങനെ ലക്ഷ്മിനരസിംഹം അഹോബിലത്തില്‍ യഥാര്ത്ഥ്യമായി. അഹോബില പര്‍വ്വതത്തെ ചുറ്റി ഭവനാശിനി പുഴ ഒഴുകുന്നു.

രക്തകുണ്ഡ എന്ന തീര്‍ത്ഥക്കുളത്തിലെ ജലത്തിന് ചുവപ്പാണ് നിറം. ഹിരണ്യകശിപുവിന്റെ രക്തം നരസിംഹം കഴുകിക്കളഞ്ഞ കുളമാണിത്. അപ്പര്‍ അഹോബിലയിലാണ് പ്രധാന ക്ഷേത്രം. ഇതു ഒരു ഗുഹാക്ഷേത്രമാണ്,
വേദാചല പര്‍വതം അടുത്തുതന്നെയുണ്ട്. ജ്വാല നരസിംഹക്ഷേത്രത്തില്‍ എത്തും മുന്പ് ആകാശ ജ്യോതിര്‍ഗംഗ എന്ന വെള്ളച്ചാട്ടം ഉണ്ട്. ജ്വാല നരസിംഹക്ഷേത്രവും ഗുഹാക്ഷേത്രമാണ്, ഈ ഗുഹക്കു മുന്നില്‍ പ്രതാപരുദ്രന്‍ എന്ന കാകതീയ മഹാരാജാവ് പണികഴിപ്പിച്ച കല്‍മണ്ഡപവും ഉണ്ട്.

ലോവര്‍ അഹോബിലത്തില്‍ നിന്നും പാവന നരസിംഹക്ഷേത്രത്തിലേക്ക് കാട്ടുപാതയുണ്ട്. പാവനയിലെ പ്രിതിഷ്ട ചെഞ്ചു ലക്ഷ്മിദേവിയെ മടിയിലിരുത്തിയിരിക്കുന്ന നരസിംഹമൂര്‍ത്തിയാണ്. ലക്ഷ്മി സ്വതവേ ചഞ്ചലയാണ്. അഹോബിലത്തിലെ നരസിംഹം ദേവിയെ ബലിഷ്ഠമായ കരങ്ങളാല്‍ പിടിച്ച് സ്വന്തം തുടമേല്‍ ഇരുത്തിയിരിക്കുന്നതിനാല്‍ അഹോബിലയിലെ ഭഗവാന്‍ നല്കുന്ന അനുഗ്രഹങ്ങള്‍ ചിരസ്ഥായിയായിരിക്കും.

Post a Comment

1 Comments