സര്‍വാഭീഷ്ടദായകമായ അഷ്ടമിരോഹിണി വ്രതം

സര്‍വാഭീഷ്ടദായകമായ അഷ്ടമിരോഹിണി വ്രതം

ലോകധര്‍മ രക്ഷാര്‍ഥം ദേവാദികള്‍ വ്രതം അനുഷ്ടിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ഓരോ അഷ്ടമിരോഹിണിയും. അവരുടെ വ്രതം ഫലം കണ്ടു. മഹാവിഷ്ണുവിന്റെ ഒന്‍പതാം അവതാരമായി ഭഗവാന്‍ ജന്മം കൊണ്ടു. ലോകത്ത് ധര്‍മം പുലര്‍ന്നു. ദേവന്മാര്‍ എപ്രകാരം അവരുടെ ഉദ്ദിഷ്ടകാര്യം സാധിച്ചുവോ അപ്രകാരം തന്നെ അഷ്ടമിരോഹിണിയില്‍ വ്രതം അനുഷ്ടിക്കുന്നവരുടെ ആഗ്രഹങ്ങളും ഭഗവാന്‍ സാധിപ്പിക്കും.       

അഷ്ടമിരോഹിണിയുടെ തലേന്ന് സൂര്യാസ്തമയം മുതല്‍ വൃതം തുടങ്ങണം.ലഘു ഭക്ഷണം,പഴ വര്‍ഗങ്ങള്‍,പാല്‍ ഇവ മാത്രം കഴിക്കുക.അരിയാഹാരം പൂര്‍ണമായും ഉപേക്ഷിക്കുക.ഭഗവാന്റെ അവതാരസമയമെന്നു നാം വിശ്വസിക്കുന്ന അര്‍ധരാത്രിവരെ ശ്രീകൃഷ്ണകഥാഗ്രന്ഥങ്ങള്‍ പാരായണം ചെയ്തും സങ്കീര്‍ത്തനങ്ങള്‍ ആലപിച്ചും വ്രതമിരിക്കുകയും അതിന്റെ അവസാനം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുകയും ചെയ്തതിനുശേഷം പാരണവീടുക എന്നതാണ് ഇതിന്റെ ശരിയായ ചടങ്ങ്. അന്നത്തെ ഏറ്റവും മുഖ്യമായ നിവേദ്യസാധനം ഭഗവാന്  ഏറ്റവും പ്രിയപ്പെട്ട പാല്‍പായസം ആണ്. നെയ്യപ്പമോ ഇളനീരോ നിവേദിക്കുകയും ചെയ്യാറുണ്ട്.

ജന്മാഷ്ടമി ദിനത്തില്‍ ഭാഗവതം പാരായണം ചെയ്‌താല്‍ ജന്മാന്തര പാപങ്ങള്‍ പോലും ഇല്ലാതാകുമെന്നാണ്  വിശ്വാസം. നാരായണീയം, ശ്രീകൃഷ്ണ കര്‍ണാമൃതം മുതലായ ഗ്രന്ഥങ്ങളും പാരായണം ചെയ്യാം.

അഷ്‌ടമി രോഹിണിയിലെ അനുഷ്ടാനങ്ങള്‍

അഷ്‌ടമി രോഹിണി ദിവസം സന്താന ഗോപാലമന്ത്രം 41 പ്രാവശ്യം ജപിച്ചാല്‍ ഇഷ്‌ടസന്താന പ്രാപ്തിയുണ്ടാകുമെന്നതില്‍  തര്‍ക്കമില്ല.
”ദേവകീ സുത ഗോവിന്ദാ വാസുദേവാ ജഗത്‌പതേ
ദേഹി മേ തനയം കൃഷ്‌ണാ ത്വാമഹം ശരണം ഗത”

എന്ന സന്താന ഗോപാല മന്ത്രത്താല്‍ അഷ്ടമിരോഹിണി നാളില്‍ ശ്രീകൃഷ്‌ണപ്രതിഷ്‌ഠയുളള ക്ഷേത്രത്തില്‍ പൂജ നടത്തുന്നതും ശ്രേഷ്‌ഠമാണ്‌.

ജാതകവശാല്‍ ആയുസ്സിന്‌ മാന്ദ്യം ഉളളവര്‍ ശ്രീകൃഷ്‌ണജയന്തിക്ക്‌ 41 പ്രാവശ്യം ആയുര്‍ഗോപാലമന്ത്രം ജപിക്കണം.

”ദേവകീ സുത ഗോവിന്ദാ വാസുദേവാ ജഗത്‌പതേ
ദേഹി മേ ശരണം കൃഷ്‌ണാ ത്വാമഹം ശരണം ഗത”

എന്നതാണ് ആയുര്‍ഗോപാല മന്ത്രം.

”കൃഷ്‌ണ കൃഷ്‌ണാ ഹരേ കൃഷ്‌ണാ
സര്‍വ്വജ്‌ഞാ ത്വം പ്രസീദ മേ
രമാ രമണാ വിശ്വേശാ,
വിദ്യാമാശു പ്രയശ്‌ച മേ’

വിദ്യാഭ്യാസ പുരോഗതിക്കും വിദ്യാവിജയത്തിനും വിജയത്തിനും ഈ  വിദ്യാഗോപാല മന്ത്രം 41 പ്രാവശ്യം ജപിക്കണം.

*ജ്‌ഞാനസമ്പാദനത്തിനും ഓര്‍മശക്തി വര്‍ധിക്കാനും*

”ഉല്‍ഗിരല്‍ പ്രണവോല്‍ഗീഥ
സര്‍വ്വ വാഗീശ്വരേശ്വരാ
സര്‍വ്വ വേദമയാചിന്ത്യ
സര്‍വ്വം ബോധയ ബോധയ”

എന്ന ”ഹയഗ്രീവ ഗോപാല മന്ത്രം” 41 ഉരു  ജപിക്കണം.

*ധനസമൃദ്ധിക്കും ഐശ്വര്യത്തിനും*

”കൃഷ്‌ണ കൃഷ്‌ണ മഹായോഗിന്‍
ഭക്‌താനാം അഭയം കര
ഗോവിന്ദ പരമാനന്ദാ
സര്‍വ്വം മേ വശമാനയ”

എന്ന രാജഗോപാലമന്ത്രം അഷ്ടമി രോഹിണി ദിനത്തില്‍ 41 പ്രാവശ്യം ജപിക്കുന്നത് സാമ്പത്തിക അഭിവൃദ്ധിക്കും സര്‍വ ഐശ്വര്യത്തിനും പ്രയോജനപ്രദമാണ്.

Post a Comment

0 Comments