ഭദ്രകാളി

ദുർഗ്ഗാദേവിയുടെ രൌദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ദേവിയുടെ രൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം.

കാളിയമ്മയുടെ നിറം കടുംനീലയും കറുപ്പുമാണ്, ഈ രണ്ട് നിറവും നിഗൂഢത അനന്തത എന്നിവയെ സൂചിപ്പിക്കുന്നു, കടലും നീലാകാശവും ഇതിന് ഉദാഹരണം.

വേദങ്ങളിൽ അഗ്നിയുമായി ബന്ധപ്പെടുത്തിയാണ് കാളിയെ അവതരിപ്പിക്കുന്നത്‌. അഗ്നിയുടെ ദേവതക്ക് ഏഴ് തിളങ്ങുന്ന നാവുകളാണുള്ളത് [കാളി, കരാളി, മനോജാവ, സുലോഹിത, സുധുംരാവർണ്ണ, സ്ഫുല്ലിംഗനി,  വിശ്വരുചി എന്നിങ്ങനെ വിളിക്കുന്നു.]
‘കാളി’ അതിൽ കറുത്ത നാവിനെ പ്രതിനിധീകരിക്കുന്നു.

രുദ്രന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നുമാണ് കാളിയെ സൃഷ്ടിച്ചത് എന്നു പറയുമ്പോൾ പ്രപഞ്ചസൃഷ്ടിയുടെ മാതാവായ ശക്തിയെതന്നെ മകളായും കഥകളിലൂടെ വ്യഖ്യാനിക്കുന്നു.

ശക്തിസ്വരുപിണിയായ ഈ ദേവിയെ പലരൂപത്തിലും ആരാധിക്കുന്നുണ്ട്. താന്ത്രികർ മുപ്പതിലധികം ഭാവങ്ങളിൽ ഓരോ ആഗ്രഹങ്ങൾക്കനുസരിച്ച് വിവിധ രൂപത്തിൽ ആരാധിക്കുന്നു എന്ന് പറയുന്നുണ്ട്.

കാളി എന്ന വാക്ക് ‘കല’ എന്ന പദത്തിൽ നിന്നും ഉണ്ടായതാണ്. കല സമയത്തെ കുറിക്കുന്നു. കാളി സമയത്തിന്റെ ദേവികൂടിയാണ്.
ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്.

പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം. അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വം.

കാളിയെ ഇത്രയും ഭീകരിയാക്കിയ ചിത്രകാരൻ ഓരോ അംഗങ്ങൾക്കും പ്രതീകാത്മകമായി കൊടുത്തിരിക്കുന്ന വ്യാഖ്യാനം അറിയാൻ ശ്രമിക്കാതെ കാളിയെ അധഃകൃതരുടെ മൂർത്തിയാണെന്നും; അതുമല്ല, സവർണ്ണരായ പരിവാരങ്ങളുടെ ഇഷ്ടമൂർത്തിയെന്നും വാദമുണ്ട്.

കാളിയുടെ പുറത്തേക്ക് നീണ്ടു കിടക്കുന്ന നാവ് മൌനത്തെ സൂചിപ്പിക്കുന്നു. (നാവ് പുറത്തേക്ക് നീട്ടിയാൽ സംസാരിക്കാൻ കഴിയില്ല.)

കണ്ണിലെ കൃഷ്ണമണിയുടെ കറുപ്പാണ് കാളിയ്ക്ക്. ഈ കറുത്തമണി ഇല്ലായിരുന്നെങ്കില് കാഴ്ചയില്ല, ജ്ഞാനമില്ല. കാളി ജ്ഞാനത്തിന്റെ പ്രതീകമാണ്, പ്രകാശം നൽകുന്നവളാണ്. ജ്ഞാനത്തിന്റെ പ്രകാശം മൌനത്തിലാണ്. ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണമായ അഹങ്കാരത്തിന്റെ ഉറവിടമാണ് തല. നിങ്ങൾക്ക് ഒരാളോട് വെറുപ്പു തോന്നുന്നുവെങ്കില്, അത് ആ വ്യക്തിയുടെ ശരീരത്തോടല്ല; ദുഷ്ചിന്തകളുള്ള ശിരസ്സിനോടായിരിയ്ക്കും.
ഒരുവന് പഞ്ചേന്ദ്രിയങ്ങളിലൂടെ കിട്ടുന്ന അറിവ് പരിമിതമാണ്. ലോകം പരിമിതമായ അറിവിൽ കുടുങ്ങിക്കിടക്കുന്നു. ശാസ്ത്രവും ഈ പരിമിതമായ അറിവാണ് നൽകുന്നത്.

പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള അറിവ് - ആന്തരികമായ ജ്ഞാനം - പഞ്ചേന്ദ്രിയങ്ങളിലൂടെ നേടാൻ സാധ്യമല്ല. ‘തല മുറിക്കപ്പടുക’ എന്നതിന്റെ അർത്ഥം അഹങ്കാരത്തെ ഇല്ലാതാക്കി ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുക, ധ്യാനാവസ്ഥയിൽ എത്തിച്ചേരുക എന്നാണ്. ആ ജ്ഞാനത്തിലൂടെയാണ് ലോകത്തെ അറിയേണ്ടത്.

ദേവിയുടെ ഒരു കയ്യിൽ ‘അഭയ മുദ്രയും, മറുകയ്യിൽ ‘വരദ’ മുദ്രയുമാണ്. ജീവജാലങ്ങൾക്ക് ഭയത്തെ അകറ്റി ക്ഷേമകരമായിട്ടുള്ളതിനെ ചോദിക്കാതെതന്നെ കൊടുക്കുവാൻ തക്കവണ്ണം സർവ്വജ്ഞയാണ് ദേവി.

മുറിച്ച കൈകൾ അരക്കെട്ടിൽ ചുറ്റിയിരിക്കുന്നു. കയ്യ് കർമ്മത്തിന്റെ പ്രതീകമാണ് കർമ്മം ചെയ്യുമ്പോൾ ഫലം അനുഭവിക്കുന്നു. ഈ ഫലം കൂലിയാണ്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ജ്ഞാനത്തിന്റെ പ്രതീകമാണ് അരക്കെട്ടിൽ ചുറ്റിയിരിക്കുന്ന കയ്യ്.

കാളിയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന അസ്സുരശിരസ്സുകളോടുകൂടിയ മാല.  അമ്പത് ശിരസ്സുകളാണ് ആ മാലയിലുള്ളത്. അ എന്ന അക്ഷരം മുതല്‍ ക്ഷ എന്ന അക്ഷരം വരെയുള്ള 51 അക്ഷരങ്ങളെയാണ് ആ മാല പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് 'അക്ഷ'മാല എന്ന പേരുണ്ടായി. സ്വരങ്ങളും വ്യഞ്ജനങ്ങളുമുള്‍പ്പെടെയുള്ള അമ്പത് അക്ഷരങ്ങള്‍ കൂടാതെ ക്ഷ എന്ന അക്ഷരം അമ്പത്തൊന്നാമതായി ഈ മാലയുടെ മേരുവായി കല്‍പിക്കപ്പെട്ടിരിക്കുന്നു.

ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രിപൂജയിൽ, ആദ്യത്തെ മൂന്ന് ദിവസം മഹാകാളിയെയും, അടുത്ത മുന്നു ദിവസം ലക്ഷ്മിയെയും, അവസാനത്തെ മൂന്നു ദിവസം സരസ്വതിയെയും പൂജിക്കുന്നു. പത്താമത്തെ ദിവസം ഹോമാഗ്നിയിൽ നമ്മുടെ അഹങ്കാരത്തെ ദഹിപ്പിച്ച് ഞാനെന്നഭാവത്തെ മറികടന്നാൽ അഭയ-വരദാ‍യിനിയായ അമ്മ എല്ലാ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കും.

അതിപ്രാചീനകാലംമുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവിയാണ് കാളി. ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജനിച്ചവളാണെന്നും ദക്ഷന്റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായിത്തീര്‍ന്ന പരമശിവന്‍ ദക്ഷനോടുള്ള പ്രതികാരത്തിനായി തന്റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയെപ്പറ്റി രണ്ടുകഥകള്‍ പ്രചാരത്തിലുണ്ട്.
ജ്വാലാകരാളമത്യുഗ്രമശേഷാസുരസുദനം ത്രിശൂലം പാതു നോ ഭീതേര്‍ ഭദ്രകാളി നമോസ്തുതേ
എന്ന ശ്ലോകത്തില്‍ ദുര്‍ഗ്ഗയുടെ ഭയാനക ഭാവത്തെ ഭദ്രകാളിയായി സങ്കല്‍പിച്ചിരിക്കുന്നു. ഈ കാളി ദുര്‍ഗ്ഗയുടെ അഥവാ പാര്‍വതിയുടെ രൂപമാണ്. ശിവപ്രിയയാണ് ഈ കാളി. ശംഭുസ്ഥാ എന്നാരംഭിക്കുന്ന ധ്യാനത്തില്‍ ശിവ എന്നു സൂചിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. മാര്‍ക്കണ്ഡേയ പുരാണത്തിലെ ഭദ്രോല്‍പത്തി പ്രകരണത്തില്‍ ശിവപുത്രിയായ ഭദ്രകാളിയുടെ അവതാരവും മാഹാത്മ്യവും വര്‍ണ്ണിക്കുന്നുണ്ട്. ബ്രഹ്മാവില്‍നിന്നും വരസിദ്ധികള്‍ നേടിയ ദാരികാസുരന്‍ ത്രിലോകങ്ങളും കീഴടക്കി. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, സ്‌കന്ദന്‍, ഇന്ദ്രന്‍, യമന്‍ ആദിയായവര്‍ക്കൊന്നും ദാരികനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അവസാനം ശ്രീപരമേശ്വരന്‍ ലോകസംരക്ഷണാര്‍ത്ഥം തന്റെ തിലോചനം തുറന്നു. അതില്‍നിന്നും അന്നുവരെ പ്രപഞ്ചം ദര്‍ശിച്ചിട്ടില്ലാത്ത വിധത്തില്‍ ഭീകരവും രൗദ്രവുമായ ഭാവത്തോടുകൂടിയ ഭദ്രകാളി ഉടലെടുത്തു. ഇത് ശിവപുത്രിയാണ്. ഈ കാളി ദാരികനെ നിഗ്രഹിക്കുകയും ചെയ്തു.

കാളിയെ പൊതുവെ കോപമൂര്‍ത്തിയായിട്ടാണ് കേരളത്തില്‍ സങ്കല്‍പിച്ചുപോരുന്നത്. സമരേഷുദുര്‍ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള്‍ ഇതിനു കാരണമാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിയുമായാണ് ഭദ്രകാളി. പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയുമാണ് ഭദ്രകാളിയെന്ന് ഒരു പാശ്ചാത്യ പണ്ഡിതന്‍ സൂചിപ്പിച്ചിട്ടുണ്ട്.

കാളിയും സരസ്വതിയും ഒന്നുതന്നെ എന്നുകരുതുന്നവരുണ്ട്. കാളിക്ക് പത്തുരൂപങ്ങളുണ്ട്. ദശവിദ്യ എന്നാണ് ഇവ അറിയപ്പെടുന്നത്. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍. കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാളീവിഗ്രഹങ്ങള്‍ക്ക് പല രൂപകല്പനകളുമുണ്ട്. വാള്‍, പരിച, കപാലം, ദാരികശിരസ്സ്, വെണ്മഴു, ഡമരു, ശൂലം, കയറ്, തോട്ടി, ഉലക്ക, തലയോട്, മണി, സര്‍പ്പം, ശംഖ്, അമ്പ്, , കുന്തം, ചക്രം തുടങ്ങിയവയാണ് ഭദ്രകാളിയുടെ കൈകളില്‍ കാണപ്പെടുന്നത്. നാല്, എട്ട്, പതിനാറ് എന്നിങ്ങനെ അറുപത്തിനാല് കൈകളുള്ള കാളീസങ്കല്പങ്ങള്‍ വരെയുണ്ട്.

ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപഭാവസങ്കല്‍പങ്ങളും കാളിക്കുണ്ട്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് കേരളത്തില്‍ ഏറ്റവും വലിയ ഭദ്രകാളി വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്. ഭദ്രകാളീ പ്രീതിക്കുവേണ്ടി പുരാതനകാലം മുതല്‍ പാട്ട്, ഉത്സവം, വേല, താലപ്പൊലി, കളിയാട്ടം തുടങ്ങിയവ നടന്നുവരുന്നു. പാട്ടുല്‍സവമാണ് ഭദ്രകാളിക്ക് മുഖ്യം. കുത്തിയോട്ടപാട്ടുകളും പാനത്തോറ്റങ്ങളും ഉള്‍പ്പെടുന്ന ദേവീസ്തുതികള്‍ ഭഗവതിപ്പാട്ടുകള്‍ എന്നാണ് അറിയപ്പെടുന്നത്. അതിമധുരമുള്ള കടുംപായസവും തിരളിയും കാളിയുടെ പ്രിയ നൈവേദ്യങ്ങളാണ്. അരത്തം പൂജിച്ച് കുരുതി, നിണകുരുതി, രക്തപുഷ്പാഞ്ജലി, ചാന്താട്ടം തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. കുരുതിക്ക് വറപൊടിയും പൊതിച്ച കരിക്കും വെറ്റിലപാക്കും നിര്‍ബന്ധമാണ്. ചെത്തിപ്പൂവും, ചെന്താമരപ്പൂവും ഉള്‍പ്പെടുന്ന ചുവന്ന ഉത്തമപുഷ്പങ്ങള്‍ ദേവീപൂജയ്ക്ക് ഉത്തമമായി കരുത്‌പെടുന്നു.

കടപ്പാട്  : വാട്സാപ്പ്

Post a Comment

0 Comments