കൊട്ടിയൂർ മാഹാത്മ്യം

*ഓം നമഃശിവായ*

  കൊട്ടിയൂർ വൈശാഖ മഹോത്സവം, എന്നു കേൾക്കുമ്പോൾ അവിടെ ഒരു തവണയെങ്കിലും ദർശനം നടത്തിയവരുടെ മനസ്സിൽ പ്രകൃത്യാരാധനയും, തിമർത്തു പെയ്യുന്ന മഴയുടെ സാന്നിധ്യവും ,വാവലി പുഴയും, പർണ്ണ ശാലകളും, ഭക്തി നിർഭരമായ
ഹരിഗോവിന്ദം വിളിയും  , തിരുവഞ്ചിറയും, മണിത്തറയും, അമ്മാറക്കൽ തറയും സഹ്യാദ്രിയുടെ ഹരിതഭംഗിയും, ഓടപ്പൂവും, എല്ലാം കൂടിച്ചേർന്ന  ജീവസ്സുറ്റ ഒരു ചിത്രം തീർച്ചയായും തെളിയും. ഇടവമാസത്തിലെ ചോതിനാൾ മുതൽ
മിഥുനത്തിലെ ചിത്ര വരെയുള്ള ദിവസങ്ങളിലാണ് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ
വൈശാഖ മഹോത്സവം നടക്കുന്നത്.

     ഇതിൽ പ്രാരംഭ ചടങ്ങുകളിലൊന്നായ പ്രക്കൂഴം മേടമാസത്തിലെ വിശാഖം നാളിൽ ഇക്കരെ കൊട്ടിയൂർ വെച്ചാണ് നടക്കുന്നത്. പതിനൊന്നു മാസക്കാലം മനുഷ്യരുടെ പെരുമാറ്റങ്ങളൊന്നുമില്ലാതെ കാടുമൂടിക്കിടക്കുന്ന അക്കരെ സന്നിധാനത്ത് ആദ്യമായി സ്ഥാനികരും, അവകാശികളും പ്രവേശിക്കുന്നത് ഇടവമാസത്തിലെ മകം നാളിൽ നടക്കുന്ന നീരെഴുന്നള്ളത്ത് എന്ന ചടങ്ങിനാണ്. അന്ന് കൂവയിലയിൽ ശേഖരിച്ച ജലം കൊണ്ട്  സ്വയംഭൂ സ്ഥാനത്ത് അഭിഷേകം നടത്തിയ ശേഷം സ്ഥാനികരെല്ലാം
തിരിച്ചു പോകും.

     പിന്നീട്  ചോതി നാളിലാണ് മണിത്തറയിൽ
ആദ്യമായി ചോതിവിളക്ക് തെളിയിക്കുന്നത്.
ചോതി പുണ്യാഹം, മണിത്തറ ഏറ്റുവാങ്ങൽ എന്നീ ചടങ്ങുകളും അന്നാണ് നടക്കുന്നത്. വയനാട്ടിൽ നിന്നും മുതിരേരിവാൾ എഴുന്നള്ളിച്ചു വരുന്നതും ഈ ദിവസം തന്നെയാണ്.

                 അന്ന് അർദ്ധരാത്രിയോടെസ്വയംഭൂവിനെ പതിനൊന്നു മാസക്കാലം മൂടിക്കിടന്ന  അഷ്ടബന്ധം നീക്കുന്ന നാളം തുറക്കൽ എന്ന ചടങ്ങിനു ശേഷം, വിവിധ മഠങ്ങളിൽ നിന്നും എഴുന്നള്ളിച്ചുകൊണ്ടു വരുന്ന നെയ്യമൃത് അഭിഷേകവും നടക്കുന്നു.

     പിറ്റേ ദിവസം വിശാഖം നാളിൽ സന്ധ്യയോടു കൂടിയാണ് ഊരാളന്മാർ, അടിയന്തിര യോഗക്കാർ, മറ്റു സ്ഥാനികർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗജവീരൻമാർ, വാദ്യഘോഷങ്ങൾ ഇവയുടെ അകമ്പടിയോടെ മണത്തണ കരിമ്പന ഗോപുരത്തിൽ നിന്നും ഭഗവാന്റെ തിരുവാഭരണങ്ങളും,സ്വർണ്ണ രജത കുംഭങ്ങളും ,കലശപാത്രങ്ങളും ,ചപ്പാരം ഭഗവതിയുടെ ഉടവാളുകളും കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചുകൊണ്ടു പോകുന്നത്. ദിവസങ്ങളോളം വ്രതം നോറ്റിട്ടാണ് അവകാശികൾ ഇവയൊക്കെ ദേവസന്നിധിയിലേക്ക് എഴുന്നള്ളിച്ച് കൊണ്ടു പോകുന്നത്. പത്ത് കിലോമീറ്ററിലധികം ദൂരം കാൽനടയായിട്ടാണ് ഭണ്ഡാരമെഴുന്നള്ളത്ത് സന്നിധിയിലെത്തുന്നത്.
ഈ ദിവസം മുതൽ
മകം നാൾ ഉച്ചവരെയാണ് അക്കരെ കൊട്ടിയൂരിൽ സ്ത്രീകൾക്ക് പ്രവേശനമുള്ളത്.

      നെയ്യാട്ടത്തോടെ ആരംഭിക്കുന്ന ഉത്സവ ചടങ്ങുകൾ തൃക്കലശാട്ടത്തോടെയാണ് തീരുന്നത്. കഴിഞ്ഞ വർഷം പൂർത്തീകരിക്കാതെ വെച്ച ചടങ്ങോടെയാണ് പിന്നത്തെ വർഷത്തെ ആദ്യ ചടങ്ങുകൾ ആരംഭിക്കുന്നത്
ഇരുപത്തിയേഴു ദിവസത്തെ വൈശാഖോൽസവം സമാപിച്ചാൽ ബാക്കിയുള്ള
പതിനൊന്നു മാസക്കാലം ഈ തിരുസന്നിധിയിൽ ദേവപൂജയാണ് നടക്കുന്നത് എന്നാണ് പറയപ്പെടുന്നത്.
*ശംഭോ മഹാദേവാ*.....

കടപ്പാട് - വാട്സാപ്പ്

Post a Comment

0 Comments