അയ്യപ്പ സ്വാമിമാർ കറുപ്പ് വസ്ത്രം ധരിക്കുന്നത് എന്തിന്?

അയ്യപ്പ സ്വാമിമാർ കറുപ്പ് വസ്ത്രം ധരിക്കുന്നത് എന്തിന്?

സ്വാമി ശരണം

ശബരിമല യാത്രക്കായി വ്രതം എടുത്തു മാലയണിയുന്ന എല്ലാ അയ്യപ്പന്‍മാരും ഒന്നുകില്‍ കറുപ്പ് അല്ലെങ്കില്‍ നീലനിറത്തോടുകൂടിയ വസ്ത്രങ്ങള്‍ ആണ് ധരിക്കാറുള്ളത്.  എന്തിനാണ് ഈ കറുപ്പും നീലയും ഒക്കെ ഉപയോഗിക്കുന്നത്? എന്താണ് ഈ നിറങ്ങളുടെ പ്രത്യേകത? എന്നീ വിഷയങ്ങളെ  ശബരിമല തീർത്ഥാടനകാലം ആരംഭിച്ച സന്ദർഭത്തിൽ വിശദമാക്കുവാൻ  ശ്രമിക്കുകയാണ്.
 

അതീവ പ്രാധാന്യത്തോടും അർഹിക്കുന്ന ഗൗരവത്തോടെയും വേണം ഇത്തരം കാര്യങ്ങൾ നാം ചിന്തിക്കേണ്ടത്.. നാം ആചരിക്കുന്ന അല്ലെങ്കിൽ അനുഷ്‌ഠിക്കുന്ന കാര്യങ്ങൾ അത് എന്തിനാണ് ചെയ്യുന്നത് എന്നകാര്യം പലർക്കും അറിയാറില്ല.എന്നാൽ നാം പിന്തുടരുന്ന ഓരോ കാര്യങ്ങളും അത് എന്തുകൊണ്ടാണെന്ന് മനസിലാക്കി വളരെ ഗൗരവത്തോടുകൂടിയും ആധികാരികത ഉൾക്കൊണ്ട്   ഞാന്‍ ആചരിക്കുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ് എന്ന് അറിഞ്ഞും മനസ്സിലാക്കിയും ചെയ്താൽ മാത്രമേ അതിന്റെ ഗുണഫലങ്ങൾ  വേണ്ടരീതിയിൽ ലഭിക്കുകയോള്ളൂ.

 വേദങ്ങളില്‍ ഏറ്റവും പ്രാധാന്യത്തോടെ,  കൂടുതല്‍ ശക്തമായി പറയുന്നത് അഗ്നിയെക്കുറിച്ചാണ്.അഗ്നി ഈശ്വരന്റെ പര്യായമാണ്. 'അഗ്രണിര്‍ ഭവതി ഇതി അഗ്നി' എന്നാണ്  അഗ്നിയുടെ നിഷ്പത്തി. ഈശ്വര നാമമാണത്,അഗ്നി ദേവനാണ്.  ഈശ്വരന്റെ പര്യായമാണത്, ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നമ്മള്‍ നിലവിളക്കു കത്തിക്കുന്നത്. ആ അഗ്നിയെ സ്മരിച്ചു കൊണ്ടാണ് നാം നിലവിളക്ക് കത്തിച്ചു പിറന്നാള്‍ ആഘോഷിക്കുക.പിറന്നാൾ മാത്രമല്ല എല്ലാ ശുഭകരമായ തുടക്കങ്ങൾക്കും മംഗളകരമായ ചടങ്ങുകൾക്കും അഗ്നിതന്നെയാണ് സാക്ഷി.

ഇങ്ങനെ  അഗ്നിയുടെ സാന്നിധ്യം  നമ്മുടെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ പ്രാധാന്യത്തോടു കൂടി പ്രവര്‍ത്തിക്കുന്നുവെന്ന് പൂർവ്വ സൂരികളായ  ഋഷിമാരും, ആചാര്യന്മാരും നമുക്ക് പകർന്ന് നൽകിയിട്ടുണ്ട്.അങ്ങനെയുള്ള ഋഷി പ്രസ്താവനകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്  നീലഗ്രീവന്‍,എന്ന പ്രയോഗം.  ആഗ്നേയ തത്ത്വത്തിന്റെ പ്രാധാന്യത്തോടു കൂടിയതാണ് അത്.  വേദങ്ങളിൽ  'നീല ഗ്രീവാ ആഗ്നേയാ' എന്ന് പറയുന്നുണ്ട്.

നീലഗ്രീവയില്‍ അഗ്നിതത്ത്വം കൂടുതലുണ്ട്. നീലനിറം അഥവാ കറുപ്പു എന്നതിന്  നിറമുള്ളതിനു കാരണം അഗ്നി തത്ത്വമാണ്. അപ്പോള്‍ നീലനിറവും കറുപ്പു നിറവും അഗ്നി തത്ത്വത്തിന്റെ പ്രതിരൂപമാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.

അഗ്നിയുടെ വര്‍ണ ഭേദത്തെക്കുറിച്ച് വിശകലനം  നടത്തിയ നമ്മുടെ  ഋഷിമാര്‍ അഗ്നി തന്നെയാണ് കറുപ്പുനിറം എന്ന സന്ദേശമാണ് നമുക്ക് നൽകിയിട്ടുള്ളത്.  അഗ്നി തന്നെയാണ് നീലനിറവും.

അയ്യപ്പഭക്തന്മാർ  ശബരിമല യാത്രക്ക് തയ്യാറെടുക്കുമ്പോള്‍ അഗ്നിവര്‍ണമായ കറുപ്പിനെയാണ് വസ്ത്രമായി  സ്വീകരിക്കുന്നത്. അതായത് താന്‍ ഈശ്വര തുല്യനായി മാറിക്കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം.

ഭാരതത്തിലെ ആദ്ധ്യാത്മിക ശാസ്ത്രങ്ങൾ എല്ലാം നൽകുന്ന സന്ദേശം  നിങ്ങള്‍ ഈശ്വരീയതയെ സാക്ഷാത്കരിക്കണം എന്നാണ്. കാളിദാസന്‍ എന്നു പറയുന്ന സാധാരണക്കാരനായ ഒരാള്‍ 'കാളിദാസന്‍' എന്നു പറയുന്ന മഹാനായ ഒരു കവിയായി തീര്‍ന്നപ്പോള്‍ ആ കവിത്വത്തിന്റെ ഉള്ളില്‍ സ്ഫുരിച്ചിരുന്നത് ആധ്യാത്മികതയാണ്. കാളിയുടെ ദാസനായിട്ടാണ് കവിയായിത്തീര്‍ന്നത്.

അതേപോലെ നമ്മുടെ എല്ലാ വ്രതങ്ങളുടെയും അടിസ്ഥാനം ഈശ്വരീയമായ ഭാവത്തിലേക്ക് ചെന്നെത്തുക എന്നു തന്നെയാണ്.

അഗ്നിവര്‍ണമായ കറുപ്പിനെ എടുത്ത് അണിയുന്നതിലൂടെ താന്‍ സ്വയം അഗ്നി ആവാന്‍ ശ്രമിക്കുകയാണ്. സ്വയം ആഗ്നേയ തത്ത്വത്തിലേക്ക് കടന്നുവരികയാണ്. അങ്ങനെ അഗ്നി തത്ത്വത്തെ സാക്ഷാത്കരിക്കുന്നതിലൂടെ അയ്യപ്പന്‍ തന്റെ വസ്ത്രങ്ങളില്‍പ്പോലും അഗ്നി സ്വന്തമാക്കി മാറ്റുന്നു. അങ്ങനെ വസ്ത്രത്തില്‍ അഗ്നി വരുന്നതോടുകൂടി ഒരു സാധകനായി അയ്യപ്പന്‍ മാറുന്നു.

നാം ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നിറം നമ്മുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് വര്‍ണശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

 നാം ധരിക്കുന്ന വസ്ത്രങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കണം എന്നു വളരെ കൃത്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പഭക്തന്‍ കറുപ്പു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത്.

കറുപ്പു വര്‍ണം അഗ്നിയുടെ പ്രതിരൂപമാണെന്നു പറഞ്ഞു.അഗ്നി ഈശ്വരന്‍ തന്നെയാണ്. അങ്ങനെയുള്ള ഈശ്വരനെ വസ്ത്രത്തിലേക്ക് സാക്ഷാത്കരിക്കുക. അതിലൂടെ മനസ്സിന് മാറ്റം വരുത്തുക മാത്രമല്ല, തന്നെ കാണുന്ന മറ്റുള്ളവരുടെ ഭാവനയിലും മാറ്റം വരുത്തുക.

 തന്നെ കാണുന്ന മറ്റുള്ളവരിലും ഈ ആഗ്നേയതത്ത്വത്തിന്റെ ബോധം ഉണ്ടാകണം. ഇതുകൊണ്ട് നമ്മുടെ ഉള്ളില്‍ അഗ്നിതത്ത്വം ജ്വലിക്കുന്നതിലൂടെ വസ്ത്രത്തില്‍ മാറ്റം വരുന്നു. മാനസികമായി മാറ്റം വരുന്നു. ഭൗതികമായി മാറ്റം വരുന്നു, ശാരീരികതലങ്ങളില്‍ മാറ്റം വരുന്നു. അങ്ങനെ സ്വയം 41 ദിവസത്തെ വസ്ത്രധാരണത്തിലൂടെ അഗ്നിതത്ത്വത്തെ സാക്ഷാത്കരിക്കാനുള്ള വഴിയാണ് വസ്ത്രത്തിലുള്ള കറുപ്പും നീലയുമായുള്ള നിറംമാറ്റം.

ഗൗരവത്തോടു കൂടി ചിന്തിച്ചു കഴിഞ്ഞാല്‍ ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നു പോകാനുള്ള ആദ്യപടിയാണ് ഇതെന്നു കാണാന്‍ സാധിക്കും. കാരണം,ഒരു സാധകന്റെ വളര്‍ച്ചയില്‍ നിരവധി ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങളിലും മാറ്റങ്ങള്‍ വരണം.

ആഹാരതലത്തിലെന്ന പോലെത്തന്നെ നാവിന്റെ ഉച്ചാരണത്തില്‍ മാറ്റം വരുന്നു, വസ്ത്രത്തില്‍ മാറ്റം വരുന്നു, അങ്ങനെ കറുപ്പു നിറത്തിലൂടെ സ്വയം ശരീരത്തിനു മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി, അയ്യപ്പനായി സ്വയം മാറാനുള്ള വഴിയാണ് കറുപ്പുടുക്കല്‍.

Post a Comment

0 Comments