തിരുവാതിര ഞാറ്റുവേല നാളെ (22/06/2019) തുടങ്ങുന്നു. ജൂൺ 22 മുതൽ ജൂലൈ 6 വരെയാണ് ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല...

തിരുവാതിര ഞാറ്റുവേലയിൽ വിരലൊടിച്ചു കുത്തിയാൽ പോലും മുളയ്ക്കുമെന്നാണ് പഴമൊഴി. തിരിമുറിയാത്ത മഴയും തീക്കട്ടപോലുള്ള വെയിലും മാറിമാറി വരുന്ന (തിരുവാതിരയിൽ നൂറു മഴയും വെയിലുമെന്ന് ചൊല്ല്) ഈ വേളയിൽ മണ്ണിലും വെള്ളത്തിലും ജീവന്റെ തുടിപ്പുകൾ ഏറുമെന്നാണ് പറയുന്നത്.

ഞാറ്റുവേലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പണ്ട് കൃഷിരീതികൾ. മുറിച്ചു നടേണ്ട ചെടികൾക്ക് ഏറ്റവും പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. ഔഷധസസ്യങ്ങളും താളിച്ചെടികളും നടേണ്ടതും ഇക്കാലത്താണ്. എല്ലാ സസ്യങ്ങൾക്കും പൊതുവേ ഗുണകരമായ ഈ ഞാറ്റുവേല കുരുമുളക് നട്ടുവളർത്താനാണ് ഏറ്റവും പറ്റിയത്.

ഈ ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയിൽ വളക്കൂർ കൂടുതലുണ്ടെന്നാണ് കർഷകരുടെ വിശ്വാസം. അതുകൊണ്ട് ഈ ഞാറ്റുവേലയിൽ നടുന്നവയെല്ലാം നന്നായി തഴച്ചു വളരുകയും ചെയ്യും.
മകയിരം ഞാറ്റുവേലയിൽ മതിമറന്നു പെയ്യുന്ന കാലാവസ്ഥ തിരുവാതിര ഞാറ്റുവേലയിൽ തെല്ലൊന്നു ശമിക്കും. ഇടവിട്ടിടവിട്ട് ചിന്നംപിന്നം പെയ്യുന്ന മഴയും ഇടയ്ക്കു തെളിയുന്ന വെയിലുമാണ് ഈ സമയത്തെ കാലാവസ്ഥയുടെ സവിശേഷത. ഏത് നടുതലകളും വേരുപിടിച്ചു പടർ‍ന്നു കിട്ടാൻ അനുയോജ്യമായ സമയമാണിത്.

കാലവർഷം കനത്തു കഴിഞ്ഞാൽ പിന്നെ കിട്ടുന്ന ഈ ഇടവേള മഴയുടെ ഊറ്റമില്ലാത്തതു കൊണ്ടും വെയിലിന്‍റെ കാഠിന്യമില്ലാത്തതു കൊണ്ടും ചെറുതായി തുടർച്ചയായി മഴ കിട്ടുന്നതു കൊണ്ടും കാർ‍ഷിക ജോലികൾക്ക് ഉത്തമമാണ്.

നൂറ്റാണ്ടുകൾക്കുമുമ്പ് വിരുന്നുകാരായെത്തിയ വാസ്‌കോഡ ഗാമയെയും സംഘത്തെയും കോഴിക്കോട് സാമൂതിരി രാജാവ് വരവേറ്റത് ചക്ക നൽകിയിട്ടായിരുന്നു. വിശിഷ്ടങ്ങളായ ഭക്ഷണവും സുഗന്ധദ്രവ്യങ്ങളും നൽകി സ്വീകരിച്ചവർക്ക് പിന്നീട് കുരുമുളക് വള്ളികൾ നൽകാനും സാമൂതിരി മടിച്ചില്ല. മന്ത്രിയായ മങ്ങാട്ടച്ചന് ഇതൊന്നും അത്ര രസിച്ചില്ല. കറുത്തമുത്ത് തേടിയെത്തിയ പോർച്ചുഗീസ് കച്ചവടക്കാർക്ക് വള്ളികള്‍ നൽകിയതിൽ മങ്ങാട്ടച്ചൻ കടുത്ത നീരസം പ്രകടിപ്പിച്ചു. അപ്പോൾ സാമൂതിരി മങ്ങാട്ടച്ചനെ ആശ്വസിപ്പിച്ചത്, നമ്മുടെ തിരുവാതിര ഞാറ്റുവേല അവർക്ക് കൊണ്ടുപോകാൻ കഴിയില്ലല്ലോ എന്നുപറഞ്ഞായിരുന്നു. തിരുവാതിര ഞാറ്റുവേലയും നമ്മുടെ കാർഷിക സംസ്‌കാരവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വാക്കുകളാണിത്.

പഴയകാലത്ത് കാരണവന്മാര്‍ തിരുവാതിര ഞാറ്റുവേല തുടങ്ങുന്ന ദിവസം മുതൽ മഴവെള്ളം ശേഖരിച്ചു ദിവസവും അതിരാവിലെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുമായിരുന്നു. തിരുവാതിര ഞാറ്റുവേല കാലത്തിനിടയിൽ പതിനാലു ദിവസത്തിനുള്ളിൽ ഒരു ദിവസം അമൃത് മഴ പെയ്യുമെന്നാണ് വിശ്വാസം. ഏത് ദിവസമായിരിക്കുമെന്ന് നിശ്ചയമില്ലാത്തതിനാൽ പതിനാലു ദിവസവും മഴവെള്ളം ശേഖരിച്ചു കുടിച്ചുപോന്നിരുന്നു..