ശ്രീകൃഷ്ണ തത്വം

താൻ എത്ര കരഞ്ഞിട്ടും എന്തൊക്കെ ചെയ്തിട്ടും തന്നെ 'അമ്മ  ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയ കണ്ണൻ കോപത്തോടുകൂടി അവിടെ കിടന്ന ഒരു വടിയെടുത്തു പാൽക്കുടം ലക്ഷ്യമാക്കി ഒരടികൊടുത്തു.അടിയേറ്റുതകർന്ന പാല്കുടത്തിൽനിന്നും പാല് മുഴുവൻ ഒഴുകി ഒലിച്ചു പോകുന്നു. ഓടിവന്ന യശോദാമ്മ കാണുന്നത് പൊട്ടിത്തകർന്ന പാൽക്കുടവും വടിയുമായി ചിണുങ്ങിക്കൊണ്ടു നിൽക്കുന്ന കണ്ണനെയുമാണ്.ഇന്നിവനിട്ടു രണ്ടു പൊട്ടിച്ചിട്ടു തന്നെ കാര്യം എന്ന് പറഞ്ഞു യശോദാമ്മ കണ്ണന്റെ നേരെ തിരിഞ്ഞതും കണ്ണൻപേടിച്ചു  ഓടാൻ തുടങ്ങി.പിന്നാലെ യശോദാമ്മയും.

ഈ ഘട്ടത്തെ വളരെ മനോഹരമായാണ് ലീലാശുകനും  നാരായണ തീർത്ഥപാദരും മറ്റും വിവരിച്ചിരിക്കുന്നത്.ഒരു ചെറിയ കുട്ടിയെപ്പോലെ പേടിച്ചോടുന്ന കൃഷ്ണനെ കണ്ടു ദേവതമാരും മഹർഷിമാരും മൂക്കത്തു വിരൽവച്ചു.ആര് ആരെയാണ് ഓടിക്കുന്നത്.സമസ്ത ലോകങ്ങളെയും തന്നിൽ വഹിക്കുന്ന പരബ്രഹ്മ സ്വരൂപമായിരിക്കുന്ന ഭഗവാനെ വെറും ഒരു മനുഷ്യ സ്ത്രീ വടിയുമെടുത്തു "അവിടെ നിക്കടാ, ഇന്ന് നിനക്കിട്ടു രണ്ടു പൊട്ടിച്ചിട്ടു ബാക്കി കാര്യം" എന്നുപറഞ്ഞു ഓടിക്കുന്നു.പേടിച്ചോടുന്ന തന്റെ ഭർത്താവിനെക്കണ്ടു ലക്ഷ്മിദേവിക്ക്‌ സംഭ്രമമായി.ഇതുവരെ ആരുടെയും മുന്നിൽ തോറ്റോടിയ ചരിത്രമില്ല തന്റെ ഭർത്താവിന്.പക്ഷെ ഭഗവാന്റെ ഇന്നത്തെ ഈ പേടിച്ചുള്ള ഓട്ടം കണ്ടപ്പോൾ ലക്ഷ്മിദേവിക്ക്‌ സങ്കടം സഹിക്കവയ്യാതായി.പക്ഷെ ഓടിക്കുന്നതോ? സ്വന്തം 'അമ്മ.അതുകൊണ്ടു ഇടപെടാനും വയ്യ.തന്റെ ഭർത്താവിന്റെ അവസ്ഥ കണ്ടു ലക്ഷ്മി ദേവിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.അസുരന്മാർക്കു വളരെ സന്തോഷമായി.യശോദാദേവിയെ തങ്ങളുടെ മഹാറാണിയാക്കിയാലോ എന്നുവരെ അവർ കൂടിയാലോചിച്ചു.എന്തെന്നാൽ ഇന്നുവരെ അതിഭയങ്കരന്മാരായ തങ്ങൾ സ്വപ്നത്തിൽ മാത്രം കണ്ടു നിർവൃതിയടയാറുള്ള  കാഴ്ചയാണ്,തങ്ങളുടെ ചിരകാലാഭിലാഷമാണ് ഈ ഗോപസ്ത്രീ സാധിച്ചിരിക്കുന്നത്.അസുരന്മാരുടെ ആലോചനനകൾ ഇങ്ങനെ പോയി.....

മഹാമായയായ പാർവതീദേവി ഇത് തന്റെ ഏട്ടനായ നാരായണന്റെ  പുതിയ ഏതോ കള്ളക്കളിയാണെന്നു മനസ്സിലാക്കി എന്തായാലും ഒന്ന് കണ്ടുകളയാം എന്ന് വിചാരിച്ചു തന്റെ ഭർത്താവായ പരമശിവനുമായി കാളപ്പുറത്തു കയറി ഗോകുലത്തിലെത്തി ലക്ഷ്മി ദേവിയെ സമാധാനിപ്പിച്ചു. സമസ്ത ഭൂതങ്ങളും ശ്വാസമടക്കിപ്പിടിച്ചു തരിച്ചു നിൽക്കുന്നു. സർവ്വേശ്വരനായ നാരായണനെ  അടിക്കാൻ വടിയുമായി ഓടുന്ന മനുഷ്യസ്‌ത്രീയോ?അതുകണ്ടു പേടിച്ചോടുന്ന നാരായണമൂർത്തിയോ?  "ഇതെന്തു മായ ഭഗവാനെ" എന്നായി അവരുടെ ചിന്തകൾ. സമസ്തലോകങ്ങളിലും എല്ലാവര്ക്കും അറിയേണ്ടത് ഒന്നുമാത്രം. ആരാണീ യശോദ?  ആദിമാതാവോ? അതോ സാക്ഷാത് പരാശക്തിയോ?

'"അമ്മ" എന്ന രണ്ടക്ഷരത്തിന്റെ മാഹാത്മ്യമാണ് ഈ ഭാഗത്തു നിറഞ്ഞു നില്കുന്നത്.സനാതന ധർമത്തിൽ ഈ രണ്ടക്ഷരത്തിന്  മുന്നിൽ ഈശ്വരൻ പോലും കൈക്കുഞ്ഞാവുന്നു.മാതൃ സങ്കല്പത്തിന് മുകളിലല്ല സനാതന ധർമത്തിൽ ഈശ്വര സങ്കൽപം.  ലോകത്തിൽ മറ്റൊരു ധർമ്മത്തിലും കാണാത്ത ഒരു  സവിശേഷതയാണ് ഇത്. മാതാവിനെയും മാതൃത്വഭാവത്തിനു കാരണമായ സ്ത്രീത്വത്തെയും നിന്ദിക്കുന്നവന് പ്രപഞ്ചത്തിൽ ഒരിടത്തും ആശ്രയമില്ല എന്ന് ഇതിൽ നിന്നും വളരെ വ്യക്തമാണ്. ത്രിമൂർത്തികളായ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെ തന്റെ പാതിവ്രത്യ   ശക്തിയാൽ കൈക്കുഞ്ഞുങ്ങളാക്കി മാറ്റിയ  അനസൂയ ദേവിയുടെ നാടാണ് നമ്മുടെ നാട്.അതേപോലെ പരബ്രഹ്മ സ്വരൂപമായ സമസ്ത പ്രപഞ്ചത്തെയും തന്റെ സങ്കല്പ ശക്തിയാൽ മാത്രം നിയന്ത്രിക്കുന്ന ശ്രീകൃഷ്ണഭഗവാനെ  നിത്യവും കുളിപ്പിച്ച് ഒക്കത്തുവച്ചു മുലയൂട്ടി ചോറൂട്ടി അലങ്കരിച്ചു കണ്ണേ പൊന്നെ എന്നൊക്കെ വിളിച്ചു ദേഷ്യപ്പെട്ടു അടിച്ചു താരാട്ടുപാടി ഉറക്കി വളർത്തുന്ന യശോദ ദേവിയോടുള്ള  ഋണം സർവ്വേശ്വരനായ ഭഗവാന് ഇന്നും തീർക്കാനായിട്ടില്ല.ഭഗവാൻ മധുരയിലേക്ക് പോയശേഷം പിന്നീടൊരിക്കലും ഈ അമ്മയെ കാണാൻ ഭഗവാൻ പോയതായി ശ്രീമദ് ഭാഗവതത്തിൽ നമുക്ക് കാണാൻ കഴിയില്ല.പക്ഷെ കൃഷ്ണാവതാര അവസാനത്തോടടുത്തു പ്രഭാസ് തീരത്തുവച്ചു ഈ 'അമ്മ വീണ്ടും തന്റെ മകനെ കാണുന്നു.നിറകണ്ണുകളോടെയല്ലാതെ നമുക്ക് ഈ ഭാഗം വായിക്കാൻ സാധിക്കില്ല.

വ്യാസ ഭഗവാൻ ഈ ഭാഗം വിവരിക്കുന്നതിങ്ങനെയാണ്. " ശ്രീകൃഷ്ണ ഭഗവാനെ കണ്ട മാത്രയിൽ പുത്രസ്നേഹാധിക്യത്താൽ വാർദ്ധക്യത്താൽ ഉണങ്ങിവരണ്ട യശോദ ദേവിയുടെ സ്തനങ്ങളിൽ  മുലപ്പാൽ നിറഞ്ഞുതുളുമ്പി.യശോദ ദേവിയെക്കണ്ട ശ്രീകൃഷ്ണ ഭഗവാനിൽ തന്റെ ബാല്യ കാലം മുഴുവനും വീണ്ടും തെളിഞ്ഞു വരുന്നു.നിറകണ്ണുകളോടെ  ഗദ്ഗദ കണ്ഠനായി നിന്നുപോയി അദ്ദേഹം.ഈശ്വരനുപോലും ഉത്തരം മുട്ടിയ നിമിഷങ്ങളായിരുന്നിരിക്കാം അത്. യശോദ ദേവി സർവ്വേശ്വരനായ ഭഗവാനോട് ഒന്നേ ചോദിച്ചുള്ളൂ.   ഏതൊരു അമ്മയുടെയും ആഗ്രഹം."ഉണ്ണീ, നിന്റെ ബാല്യകാലത്തു നീ എന്നോടോപ്പമുണ്ടായിരുന്നു എങ്കിലും എനിക്ക് നിന്റെ വിവാഹം കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.അത് നീ എനിക്ക് സാധിച്ചു തരണം." ആ അമ്മയുടെ ഈ ആവശ്യം ആയിരിക്കാം ഒരുപക്ഷെ വെങ്കടേശാവതാരത്തിനു കാരണമായത്. ഈ യശോദാമ്മയാണ് പിൽക്കാലത്തു വെങ്കടേശാവതാരത്തിൽ വീണ്ടും ഭഗവാന് അമ്മയായി വരുന്നത്. ഭഗവാന് പദ്മാവതി ദേവിയുമായി വിവാഹം നടത്തുന്നത് വഹുളാദേവി എന്ന പേരിൽ ഇതേ യശോദാദേവിയാണ്. തിരുമലയിൽ തിടപ്പള്ളിക്ക് എതിർവശമാണ് വഹുള മാതാ പ്രതിഷ്ഠ. അമ്മമാർക്കല്ലേ മക്കളുടെ വയററിയൂ. തിരുമലയിൽ  ഇന്നും ആ 'അമ്മ തന്റെ മകനുവേണ്ടി നിത്യവും ആഹാരം തയ്യാറാക്കുന്നു എന്നാണ് സങ്കൽപം. തിരുമലയിൽ രാത്രിയിൽ അവസാനപൂജ കഴിഞ്ഞു ഭഗവാൻ പദ്മാവതി ദേവിയോടും ലക്ഷ്മി ദേവിയോടും ഒപ്പം അമ്മയുടെ അടുത്തു വന്നിരുന്നു ലക്ഷ്മി  ദേവിയും പദ്മാവതിദേവിയും ചാമരം വീശുകയും ഭഗവാൻ   അമ്മയുടെ കാലുകൾ സ്വന്തം മടിയിൽ വച്ച് തഴുകി 'അമ്മ ഉറങ്ങുന്നവരെ അവിടെത്തന്നെ ഇരിക്കുന്നു എന്നൊരു ആചാരമുണ്ട്. ദ്വാപരയുഗത്തിൽ ആരംഭിച്ച ആ മാതൃ പുത്ര ബന്ധം അങ്ങനെ ഇന്നും തുടർന്നു പോകുന്നു...........
 ദ്വാപരയുഗത്തിൽ കുടിച്ച മുലപ്പാലിന്റെ കടം ഈശ്വരന് പോലും തീർക്കാൻ സാധിച്ചിട്ടില്ല

എങ്കിൽ നമ്മളൊക്കെ ഇന്ന് കാട്ടിക്കൂട്ടുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?

കടപ്പാട്  : വാട്സാപ്പ്

Post a Comment

0 Comments