നരകവൈരി

നരകവൈരി

കുന്നത്തൂര്‍കോട്ടയില്‍ചെന്നാല്‍ ഗുരുവായൂരപ്പന്റെ വലുതായ ആനസമ്പത്ത് കാണാം. ചെവിയാട്ടി നില്‍ക്കുന്നു, കരിമേഘങ്ങളെപ്പോലെ ലക്ഷ്മികൃഷ്ണനും പ്രകാശനും നന്ദിനിക്കുട്ടിയുമെല്ലാം അടങ്ങുന്ന ഗജകുടുംബം. ആനയുടെ എണ്ണം ഇനിയും കൂടാനാണ് സാദ്ധ്യത ശ്രീകൃഷ്ണാവതാരത്തില്‍ തുടങ്ങിയതാണീ ആനക്കമ്പം. അന്ന് ദ്വാരകയില്‍ ആനപ്പടയ്ക്കുപുറമേ അറുപത്തിനാലു ആനകള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നവത്രേ. അതിലൊരുകഥയുണ്ട്.

പണ്ട് ഭൂമിദേവിയുടെ പുത്രനായി നരകന്‍ എന്നൊരസുരന്‍ ഉണ്ടായിരുന്നു.  അനവധി രത്‌നങ്ങള്‍ ശേഖരിച്ചിട്ടുണ്ടായിരുന്നു. ഐരാവതത്തിന്റെ കുലത്തില്‍പ്പെട്ട അറുപത്തിയഞ്ചു വെള്ളാനകള്‍ നാലുകൊമ്പുള്ള രത്‌നങ്ങള്‍. അവയെ നരകാസുരന്‍ ദേവലോകത്തില്‍നിന്നപഹരിച്ച് കൊട്ടാരത്തിലെത്തിച്ചു.

ഗന്ധര്‍വ്വന്മാരെയും, ഭൂമിയിലെ രാജാക്കന്മാരെയും തോല്‍പ്പിച്ച് പതിനാറായിരം കന്യകാരത്‌നങ്ങളെയും അപഹരിച്ച് മണിപര്‍വ്വതത്തില്‍ വൈഡൂര്യരത്‌നം പതിച്ച കാരാഗ്രഹങ്ങളില്‍ താമസിപ്പിച്ചു. രാവണനെപ്പോലെ ഇവന്‍ ഒരു സ്ത്രീയെയും ഉപദ്രവിച്ചിരുന്നില്ല. രത്‌നങ്ങളും സ്വയം ഉപയോഗിച്ചില്ല. പക്ഷെ ധാരാളം കവര്‍ന്നുകൊണ്ടുവന്നു.

ഒടുവില്‍ ദേവമാതാവായ അദിതിയുടെ കുണ്ഡലവും വരുണന്റെ സ്വര്‍ണ്ണപ്പൂക്കള്‍വീഴുന്ന വെണ്‍കൊറ്റക്കുടയും നരകന്‍ മോഷ്ടിച്ചു. ഇന്ദ്രന്റെ പരാതി ദ്വാരകയിലെത്തി. ഭഗവാന്‍ സത്യഭാമയുമൊത്ത് ഗരുഡന്റെ പുറത്തേറി യുദ്ധത്തിനെത്തി.

ഭഗവാന്‍ ചിരിച്ചു. സ്വര്‍ഗ്ഗസമ്പത്തു മുഴുവന്‍ കൈയിലായിട്ടും അവന്‍ ഇന്നും നരകന്‍തന്നെ.

പഞ്ചദുര്‍ഗ്ഗങ്ങളും നശിപ്പിച്ച് മുരാസുരനെ വധിച്ച് ഭഗവാന്‍ നരകന്റെ നേരെ തൃച്ചക്രമെറിഞ്ഞു. അങ്ങനെ നരകത്തില്‍നിന്ന് കരകേറി. വൈകുണ്ഡം പ്രാപിച്ചു. നരകന്‍ മരിച്ചതുകൊണ്ട് മാതാവായ ഭൂമിദേവി നരകപുത്രനായ ഭഗദത്തനെയുംകൂട്ടി ഭഗവാന്റെ മുമ്പില്‍വന്നു സ്തുതിച്ചു. ഭഗദത്തനെ പാലിക്കണേ എന്ന് പങ്കജനേത്രനോട് ഭൂമീദേവീ അപേക്ഷിച്ചു.

ഭഗവാന്‍ അവന്റെ രക്ഷക്കായി നാരായണാസ്ത്രം നല്‍കി. ‘ഇതു കൈയിലിരിക്കുമ്പോള്‍ നിന്നെ ഞാനല്ലാതാരും വധിക്കില്ല. സാധുഹിംസ ചെയ്യരുത്’ എന്നുപദേശിച്ചു. നരകന്റെ കിരീടവും അണിയിച്ചു. പിന്നെ ഭഗവാന്‍ നരകന്റെ മ്യൂസിയം തുറന്നു. രത്‌നപ്രഭ, വൈഡൂര്യം, ഇന്ദുകാന്തം തുടങ്ങിയ രത്‌നങ്ങള്‍പൊഴിയുന്ന വരുണന്റെ കുട, സ്വര്‍ണകട്ടിലുകള്‍, ആട്ടിന്‍രോമമെത്തയിട്ട പീഠങ്ങള്‍, രത്‌നകൂടുകളില്‍ സംസാരിക്കുന്ന പഞ്ചവര്‍ണ്ണകിളികള്‍, ചന്ദനമുട്ടികള്‍, രത്‌നംപതിപ്പിച്ച വിവിധ കൗതുകവസ്തുക്കള്‍ ആഭരണങ്ങള്‍.

ഭണ്ഡാരം കാക്കുന്ന രാക്ഷസര്‍പറഞ്ഞു. ‘ജനാര്‍ദ്ധന, മുപ്പാരിലെ ധനം മുഴുവന്‍ അങ്ങ് ധര്‍മ്മത്താല്‍ സ്വന്തമാക്കിയിരിക്കുന്നു. ഇവ സജ്ജനങ്ങള്‍ക്കുള്ളതാണ്. അങ്ങ് കല്‍പ്പിച്ചാല്‍ ദ്വാരകയില്‍ എത്തിച്ചുതരാം’ ഭഗവാന്‍ സമ്മതിച്ചു. രാക്ഷസര്‍ കുറ്റമറ്റ രത്‌നങ്ങള്‍ ദ്വാരകയിലെത്തിച്ചു.

ആനപന്തിയിലെത്തിയപ്പോള്‍ അറുപത്തിയഞ്ചു ആനകള്‍ ഭഗവാനെ ചുമലിലേറ്റാന്‍ മോഹിച്ചു. ഭഗവാന്‍ അതിലൊരാനയുടെ ചെവിയില്‍ ‘ഭഗദത്തന്‍’ എന്നുപേരുവിളിച്ച് ആ കൊമ്പനെ ഭഗദത്തന് നല്‍കി. ബാക്കി അറുപത്തിനാലു ആനകളെയും ദ്വാരകയിലേക്ക് അയച്ചു. അവയും അവരുടെ പരമ്പരകളും ഈ ജന്മവും ഗുരുവായൂരപ്പനെ സേവിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നു. പുണ്യഭൂമി…. ഗുരുവായൂരപ്പന്റെ ഭൂമി!

പിന്നെ ഭഗവാന്‍ മനുപര്‍വ്വതത്തിലെത്തി. പതിനാറായാരം ബാലികമാരെ തടവില്‍നിന്ന് മോചിപ്പിച്ചു. പക്ഷെ പുറംലോകത്തെ ഭയക്കുന്ന അവരാരും തിരിച്ചുപോകാന്‍ ഇച്ഛിച്ചില്ല. ഭഗവാന്റെ ദാസിമാരാകാന്‍ മോഹിച്ചു. ഭക്തവസ്തലന്‍ അവരെ പത്‌നിമാരായി സ്വീകരിച്ചു രക്ഷിച്ചു. പല്ലക്കിലേറ്റി ദ്വാരകയിലേക്ക് അയച്ചു. ഓരോ ജീവാത്മാക്കളുടെയും സുകൃതം ഭഗവാനല്ലാതെ ആര്‍ക്കാണ് അറിയാന്‍ കഴിയുക! ഹരേ ഗുരുവായൂരപ്പാ!

നരകവധം കഴിഞ്ഞു ഇനി ഇന്ദ്രന്റെ അമ്മയുടെ കുണ്ഡലം കൊടുക്കണ്ടേ? ശ്രീകൃഷ്ണന്‍ സ്വര്‍ണ്ണപ്പൂക്കള്‍ വീഴുന്ന വരുണന്റെ കുടയുംചൂടി ദേവലോകത്തെത്തി. ഗരുഡന്റെ പുറത്തേറി വരുന്ന സര്‍വ്വേശ്വരനെ സ്വര്‍ണ്ണവര്‍ണ്ണമുള്ള ദേവസ്ത്രീകള്‍ സ്വര്‍ണ്ണവിളക്കുകള്‍കത്തിച്ച് ഹാരവുമായി എതിരേറ്റു.

തിരിച്ച് ദ്വാരകയിലെത്തിയപ്പോഴോ… എല്ലാ ദിക്കിലും ദീപങ്ങള്‍ മണിമാളികകളിലും കോവിലുകളിലും ഗോപുരശിഖരങ്ങളിലുമെല്ലാം സ്വര്‍ണ്ണച്ചിരാതുകള്‍ മിന്നുന്നു. വഴിനീളെ നിറദീപവുമായി താലമേന്തിനിന്ന ഭക്തന്മാര്‍ ഭഗവാന് നീരാജ്ഞനമുഴിഞ്ഞു. പൂക്കളാല്‍ നരകവൈരിയെ അര്‍ച്ചിച്ചു. നരകവൈരിയാം അരവിന്ദാക്ഷന്റെ ദിവ്യലീലകള്‍ പാടി സര്‍വ്വരും നൃത്തംവച്ചു. ഭഗവാന്‍ ആ പൂ വിരിച്ച വഴികളിലൂടെ നടന്നു സഭയില്‍ പ്രവേശിച്ചു.

നരകന്‍ മരിച്ചദിവസം നരകചതുര്‍ത്ഥി എന്നറിയപ്പെടുന്നു. നമ്മളും ദീപാവലി ഒരുക്കുക. നരകനെ വധിച്ചെത്തുന്ന ഭഗവാനെ എതിരേല്‍ക്കുക. അജ്ഞാനമാകുന്ന നരകന്‍ നശിക്കട്ടെ. ജ്ഞാനമാകുന്ന ശ്രീകൃഷ്ണദീപം ജ്വലിക്കട്ടെ.

Post a Comment

0 Comments