ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതസ്വാമി ക്ഷേത്രം

ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതസ്വാമി ക്ഷേത്രം

പറഞ്ഞാലും  പറഞ്ഞാലും തീരാത്ത അത്ഭുതങ്ങളുള്ള കൂടൽമാണിക്യം ക്ഷേത്രം .സകലദേവ ചൈതന്യവും സംഗമിച്ച സംഗമേശ്വരൻ ,മാണിക്യം പോലെ പ്രശോഭിക്കുന്ന കൂടൽമാണിക്യ സ്വാമി .

1. ഇന്ത്യയിലെ അപൂർവ്വ ക്ഷേത്രങ്ങളിലൊന്ന് .( മഹാവിഷ്ണുവിന്റെ അംശാവതാരവും ,ശ്രീരാമദേവന്റെ സഹോദരനുമായ ഭരതസ്വാമിയാണ് ഇവിടുത്തെ പ്രധാന മൂർത്തി )

2. കേരളത്തിലെ പദ്ധതി ക്ഷേത്രങ്ങളിൽ പ്രഥമഗണനീയ സ്ഥാനം .(  പദ്ധതി ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്ന 10 പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ക്ഷേത്രമാണ് കൂടൽമാണിക്യം ക്ഷേത്രം .പരശുരാമ പദ്ധതി ഗ്രന്ഥമനുസരിച്ച്  ആചാര അനുഷ്ഠാനങ്ങൾ പാലിക്കപ്പെടുന്ന പുണ്യ ക്ഷേത്രം. ) 

3. ഉപപ്രതിഷ്ഠകളില്ലാത്ത ക്ഷേത്രം .( കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നു  വിഭിന്നമായി ഇവിടെ  ഉപപ്രതിഷ്ഠകളില്ലെന്നുള്ളത് 
അപൂർവ്വതയാണ് . പൂജകളെല്ലാം പ്രധാന ദേവനു മാത്രം .തിടപ്പള്ളിയിൽ ഹനുമാൻ സ്വാമിയുടെയും വാതിൽമാടത്തിൽ തെക്കും ,വടക്കുമായി ദുർഗ്ഗയുടെയും ഭദ്രകാളിയുടെയും സാന്നിധ്യം .)

4. കുലീപനി തീർത്ഥം .( ക്ഷേത്രമതിൽ കെട്ടിനുള്ളിലെ ഗംഗ ,യമുന ,സരസ്വതി സാന്നിധ്യമുള്ള പൊയ്ക. )

5. സംഗമേശ്വരൻ (ഭാരത്തിലെവിടെയും സംഗമേശ്വര പ്രതിഷ്ഠയില്ല. സകല ദേവ ചൈതന്യവുമുള്ള മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠാ സങ്കൽപ്പം . 
ഐതീഹ്യം :- പണ്ടൊരിക്കൽ തളിപ്പറമ്പുള്ള ഒരു ബ്രാഹ്മണ ശ്രേഷ്ഠന് ,സകല ദേവ ചൈതന്യവും  രാജരാജേശ്വരനിൽ വിലയിപ്പിക്കണമെന്ന് ഒരാഗ്രഹം വന്നു. അതിനു വേണ്ടി സകല ക്ഷേത്രങ്ങളിലുമെത്തി അവിടുത്തെ മൂർത്തി ചൈതന്യം  തന്റെ കൈയ്യിൽ കരുതിയ ശംഖിലെ തീർത്ഥത്തിലേക്ക് ആവാഹിച്ചു കൊണ്ടിരുന്നു .അങ്ങനെ അവസാനം കൂടൽമാണിക്യത്തിലെത്തി അവിടുത്തെ ചൈതന്യവും ആവാഹിച്ചിറങ്ങുന്ന വേളയിൽ ഒരു അലർച്ച കേൾക്കുകയും  കൈയ്യിലെ ശംഖ്  നിലത്ത് വീണുടയുകയും ചെയ്തു.അങ്ങനെ ശംഖിൽ ആവാഹിക്കപ്പെട്ട സകല ഈശ്വരമൂർത്തികളും ഭരതസ്വാമിയിൽ വിലയം പ്രാപിച്ചു.അങ്ങനെ സകല ദേവ ചൈതന്യങ്ങളും സംഗമിച്ച ഭരതസ്വാമി സംഗമേശ്വരനായി മാറി.)

6. വഴുതനങ്ങ നിവേദ്യം .( കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ കാണുന്ന വഴുതനങ്ങ നിവേദ്യം ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് .ഉദരരോഗ നിവാരണത്തിനായാണ് ഭക്തർ ഇവിടെ വഴുതനങ്ങ നിവേദ്യം നടത്താറുള്ളത് .)

7. ആറ് തന്ത്രിമാരുള്ള കേരളത്തിലെ ഏക ക്ഷേത്രം.(അണിമംഗലം ,വേളൂക്കര നകരമണ്ണ്, നെടുമ്പള്ളി തരണ നെല്ലൂർ,വെളുത്തേടത്ത് തരണനെല്ലൂർ ,കിടങ്ങശ്ശേരി തരണ നെല്ലൂർ ,തെക്കിനിയേടത്ത് തരണനെല്ലൂർ)

8. ദീപാരാധനയില്ലാത്ത ക്ഷേത്രം .( നന്ദിഗ്രാമത്തിൽ ജ്യേഷ്ഠനായ ശ്രീരാമ ദേവന്റെ പാദപൂജ ചെയ്യുന്ന യോഗീശ്വര ഭാവത്തിലുള്ള ഭരതസ്വാമിയാണ്  ഇവിടുത്തെ പ്രതിഷ്ഠ .നന്ദി ഗ്രാമത്തിൽ വസിക്കയാകയാൽ ജ്യേഷ്ഠനില്ലാത്തതൊന്നും തനിക്കും വേണ്ടെന്നുള്ള ശക്തമായ നിലപാട്. അതു കൊണ്ടു തന്നെ ശ്രീകോവിലിനകത്ത്  സുഗന്ധദ്രവ്യങ്ങൾ ,ചന്ദനത്തിരി ,കർപ്പൂരം എന്നിവ ഉപയോഗിക്കാറില്ല.)

9 .മഴ പെയ്യാനും  ,പെയ്യാതിരിക്കാനും താമരമാല വഴിപാട് നടത്തുന്ന ഏക ക്ഷേത്രം .(നെന്മാറ വേലക്കും ,തൃശ്ശൂർ പൂരത്തിനും   മഴ പെയ്യാതിരിക്കാനുള്ള വഴിപാടിനായി ക്ഷേത്രഭാരവാഹികൾ  എത്തുന്നത് ഇവിടെയാണ് .മംഗളകർമ്മങ്ങൾക്ക് മഴ തടസ്സമാകാതിരിക്കുന്നതിനും സുഖസമൃദ്ധി ,ഭാഗ്യലബ്ധി ,കാര്യസാധ്യത്തിനും താമരമാല  വഴിപാട് നടത്താറുണ്ട്.)

10. പതിനൊന്ന് കീഴേടങ്ങളുള്ള ക്ഷേത്രം ( ഉളിയന്നൂർ മഹാദേവക്ഷേത്രം ,പൊന്മല ശിവക്ഷേത്രം ,അളൂർ തിരുത്തി മഹാവിഷ്ണു ക്ഷേത്രം ,ആളൂർക്കാവ് ഭഗവതി ക്ഷേത്രം ,പായ്ക്കരക്കുളങ്ങര ഭഗവതി ക്ഷേത്രം ,പോട്ട പാമ്പാൻപോട്ട ശിവക്ഷേത്രം ,പോട്ട വാതിൽമാടം ഭഗവതി ക്ഷേത്രം ,രാപ്പാൾ വാതിൽമാടം ഭഗവതി ക്ഷേത്രം ,കീഴേടം അയ്യങ്കാവ് ക്ഷേത്രം ,കാരപൊറ്റ ശിവക്ഷേത്രം , എളനാട് വാതിൽമാടം ഭഗവതി ക്ഷേത്രം ,ശ്രീ കൈപ്പം പാടി വിഷ്ണു മഹേശ്വര ക്ഷേത്രം .)

12 .ശർക്കരക്കൂട്ട് പായസം .( സൽപുത്രന്മാർക്കു വേണ്ടി സംഗമേശ്വരനു ശർക്കരക്കൂട്ട് പായസം നേർന്നാൽ മതി.)

13 .പാൽപ്പായസം .
(പെൺസന്തതിക്കു വേണ്ടി സംഗമേശ്വരനു പാൽപ്പായസം നേർന്നാൽ മതി .)

14. മാണിക്യം ലയിച്ചു ചേർന്ന സംഗമേശ്വര പ്രതിഷ്ഠ . 
( എതീഹ്യം :- ഒരിക്കൽ ഇവിടുത്തെ വിഗ്രഹത്തിന്റെ തിരുനെറ്റിയിൽ അപൂർവ്വ ജ്യോതിസ് കാണാനിടയായി. ഇത് മാണിക്യ ശോഭയാണോ എന്നറിയാൻ കായംകുളം രാജാവിന്റെ കൈയ്യിലുള്ള മാണിക്യം വിഗ്രഹത്തോട് ചേർത്തുവച്ചു .തൽക്ഷണം മാണിക്യം വിഗ്രഹത്തോട് ലയിച്ചു.അങ്ങനെ സംഗമേശ്വരൻ മാണിക്യം കൂടി ലയിച്ചു ചേർന്ന കൂടൽമാണിക്യ സ്വാമിയായി മാറി .)

15. താമരമാലയണിഞ്ഞ ഭരതസ്വാമിയുടെ പ്രതിഷ്ഠ ഭാരതത്തിൽ മറ്റെവിടെയും ഇല്ല.

16 .തുളസിച്ചെടി വളരാത്ത ക്ഷേത്രം .( ഒറ്റ തുളസിച്ചെടിപ്പോലും  വിശാലമായ ഈ ക്ഷേത്രപരിസരത്ത് വളരാറില്ല .സംഗമേശ്വരനു കിട്ടേണ്ട ആരാധന ഒരു തുളസിച്ചെടിക്കുപോലും കിട്ടുന്നത് ഭഗവാന് ഇഷ്ടമല്ല. അതു കൊണ്ടു തന്നെ തുളസിച്ചെടിയുടെ വിത്തുകൾ ഇവിടുത്തെ മണ്ണിൽ വീണാൽ മുളയ്ക്കാറുമില്ല. )

17. തുളസി ,താമര ,തെച്ചി മാത്രം അർച്ചനയ്ക്ക് എടുക്കുന്ന അപൂർവ്വ വൈഷ്ണവ സങ്കേതം

18. മീനൂട്ട് കടവ് ( വിശാലമായ തീർത്ഥക്കുളത്തിൽ മത്സ്യമല്ലാതെ മറ്റൊരു ജീവിയേയും കാണാറില്ല .ആമ, തവള എന്നീ ജല ജീവികളൊന്നും ഇവിടെ കാണാറില്ല എന്ന പ്രത്യേകതയുമുണ്ട് .ദേവൻമാരുടെ അവതരാമായ മത്സ്യങ്ങളാണ്  ഈ കുളത്തിൽ വസിക്കുന്നതെന്നാണ് ഐതീഹ്യം .)

19. മീനൂട്ട് 
(പിതൃക്കളുടെ അനുഗ്രഹങ്ങൾക്കും ,ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ശമനത്തിനും ഇവിടെ മീനൂട്ട്  നടത്തിയാൽ മതിയെന്നാണ് വിശ്വാസം .പൗർണമി  നാളിൽ ദേവതകൾക്കും ,അമാവാസി യിൽ പിതൃക്കൾക്കുമെന്ന സങ്കൽപ്പത്തിലാണ് മീനൂട്ട് നടത്താറുള്ളത് .

20. തിടപ്പള്ളിയിലെ ഹനുമാൻ സാന്നിധ്യം
(ഭഗവാനുള്ള നിവേദ്യം എത്ര വലിയ വാർപ്പിലുണ്ടാക്കിയാലും കീഴ്ശാന്തിക്ക് ഒറ്റയ്ക്ക് വാങ്ങി വെക്കാമത്രേ. വാർപ്പിന്റെ ഒരറ്റത്ത് ഹനുമാൻ സ്വാമി പിടിക്കുന്നുവെന്നാണ് ശക്തമായ വിശ്വാസം .)

21. മുക്കിടി നിവേദ്യം .( രോഗ ശമനത്തിന് )

22. മറ്റു മഹാ ക്ഷേത്രങ്ങളിലേതുപോലെ അഞ്ച് പൂജ ഇവിടെ ഇല്ല  .ഇവിടെ സംഗമേശ്വരന് മൂന്ന് പൂജകളാണ് പതിവ്. ( എതിർത്ത പൂജ ,ഉച്ചപൂജ ,അത്താഴപൂജ )
ഉഷപൂജയും പന്തീരടി പൂജയും ഇവിടെയല്ല.

23 .കേരളത്തിലെ പ്രധാന നാലമ്പലങ്ങളിലൊന്നാണ് ഈ മഹാക്ഷേത്രം . (തൃപ്രയാർ ശ്രീരാമ ക്ഷേത്രം ,തിരുമൂഴിക്കുളം  ലക്ഷ്മണ ക്ഷേത്രം ,പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ്  നാലമ്പലത്തിലെ മറ്റു പ്രധാന ക്ഷേത്രങ്ങൾ .)

Post a Comment

0 Comments