അമര വിള രാമേശ്വരം മഹാദേവക്ഷേത്രം

അമര വിള രാമേശ്വരം മഹാദേവക്ഷേത്രം

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര നഗരത്തിൽ നിന്ന് ആറ് കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ അമരവിളയിൽ കൂടി നെയ്യാറിൽ തീർത്ത രാമേശ്വരം ക്ഷേത്രത്തിൽ എത്തിച്ചേരാം.

ക്ഷേത്രം ശ്രീരാന്റെ വനവാസകാലത്ത് പ്രതിഷ്ഠിക്കപ്പെട്ടുവെന്നാണ് ഐതിഹ്യം. എന്നാൽ സേതുബന്ധനവേളയിൽ പ്രതിഷ്ഠിച്ചിട്ടുള്ള രാമേശ്വരം ക്ഷേത്രം രാമേശ്വരത്തുള്ളതാണ്. ആ ക്ഷേത്ര പ്രതിഷ്ഠക്കുശേഷം ആ ശിവചൈതന്യം പിന്നീട് നെയ്യാറിൻ തീരത്തുകൂടി പ്രവഹിച്ചതാകാം.രാമേശ്വരം ,ചിദംബരം, കാശി എന്നിവിടങ്ങളിൽ നിന്ന് ധാരാളം ശിവ വിഗ്രഹങ്ങൾ കൊണ്ടുവന്ന് പലസ്ഥലത്തും ശിവപ്രതിഷ്ഠ നടത്തിയിട്ടുള്ളതായി കാണുന്നു. ആ രാമേശ്വര ബന്ധമാണ് ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തിനും നാമത്തിനും കാരണമെന്നു കരുതാം.

മുഖ്യദേവനായ ശിവന്റ ശ്രീകോവിൽ അത്ര ചെറുതല്ല. ശ്രീകോവിലിനുള്ളിൽ വലതുവശത്ത് വടക്കുകിഴക്കായി ഗണപതിയും, വട്ടശ്രീകോവിലിന്റെ എതിർഭാഗത്ത് പടിഞ്ഞാറുഭാഗത്തേക്ക് ദർശനമായി പാർവതിയും ശോഭിക്കുന്നു .തടസ്സങ്ങൾ നീങ്ങാൻ വേണ്ടിയാണ് ശ്രീരാമൻ രാമേശ്വരത്ത് പരമശിവനെ പ്രതിഷ്ഠിച്ചത്. ശിവനെ പൂജിച്ചപ്പോൾ ശ്രീരാമന് നിർവിഘ്നം ചിറകെട്ടി ലങ്കയിലേക്ക് കടക്കാൻ കഴിഞ്ഞു. അതുപോലെ ഇവിടെ ദർശനം ചെയ്ത് വഴിപാടുകൾ ചെയ്താൽ കാര്യസാധ്യം ഉണ്ടാകുമെന്നും തടസ്സങ്ങൾ നീങ്ങുമെന്നും ഭക്ത ജനം കരുതുന്നു. ക്ഷേത്രത്തിലെ തന്ത്രം തുകലശേരി കുഴിക്കാട്ട് മനയ്ക്കലേക്കാണ്.

ധനുമാസത്തിലാണ് ഉത്സവം. പത്തുദിവസത്തെ ഉത്സവം ഗംഭീരമായി നടന്നു വരുന്നു. തിരുവാതിരക്കാണ് ആറാട്ട്. നേരത്തെ മീനത്തിലെ തിരുവാതിര ആയിരുന്നുവത്രേ! പിന്നീട് എന്തോ കാരണവശാൽ ഉത്സവം ധനുമാസത്തിലെക്ക് മാറ്റുകയാണുണ്ടായത്. കൂടാതെ ശിവരാത്രി ഉത്സവവും ഗംഭീരമാണ്. അന്ന് ശിവന് പ്രത്യേകപൂജകളും പാർവതിക്ക് പൊങ്കാലയും ഉണ്ട് .അന്ന് ദേവീപ്രീതിക്കുവേണ്ടി ധാരാളം സ്ത്രീകളും ക്ഷേത്രദർശനത്തിനെത്തി ചേരും. പൊങ്കാലയിൽ പങ്കെടുത്താൽ അടുത്ത പൊങ്കാലയ്ക്ക് മുൻപായി മംഗല്യഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. കർക്കിടകവാവും ക്ഷേത്രസങ്കേതത്തിൽ തിരക്കുള്ള ദിവസമാണ്. ക്ഷേത്രത്തിനടുത്തുള്ള നദിയിലെ പിതൃതർപ്പണം വളരെ പ്രസിദ്ധമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ക്ഷേത്ര ഭരണം.

Amaravila Rameswaram Sri Mahadeva Temple

Post a Comment

0 Comments